വൈപ്പിന്‍: ട്രോളിംഗ് നിരോധനത്തിന്റെ 52 ദിവസങ്ങൾക്കു ശേഷം മത്സ്യബന്ധന ബോട്ടുകള്‍ നാളെ അര്‍ധരാത്രിയോടെ ചാകര തേടി കടലിലേക്ക്. ഹാര്‍ബറുകളും പരിസരങ്ങളും അനുബന്ധ മേഖലകളും ഇതിനകം ഉണര്‍ന്നു കഴിഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലായിരിക്കും ബോട്ടുകളുടെ മത്സ്യബന്ധനം. ഡീസല്‍ വില ദിനംപ്രതി കുതിച്ചുയര്ന്നുകൊണ്ടിരിക്കുന്നതിനാല് ബോട്ടുടമകളും തൊഴിലാളികളും ഇക്കുറി കടലോളം ആശങ്കയിലാണ്. പല ബോട്ടുകൾക്കും കഴിഞ്ഞ സീസൺ നഷ്ടം മാത്രമാണ് ഉണ്ടായിരുന്നത്.
1000 മുതല്‍ 3000 ലിറ്റര്‍ വരെ ഇന്ധനവും 100 ബ്ലോക്ക് ഐസും 15 ഓളം വരുന്ന തൊഴിലാളികള്‍ക്കുള്ള ഭക്ഷണവുമായിട്ടാണ് ബോട്ടുകള്‍ കടലിലേക്ക് പോകുക. തൊഴിലാളികളുടെ ബാറ്റയുമുള്പ്പെടെ ശരാശരി ഒരു ബോട്ടിനു മൂന്നു ലക്ഷത്തോളം രൂപയാണ് ഒരു തവണത്തെ ചെലവ്.
ഇതു തരണം ചെയ്യണമെങ്കില്‍ ബോട്ട് നിറയെ മീന്‍ ലഭിക്കണം. എന്നാല്‍ മത്സ്യലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഇത് പ്രതീക്ഷിക്കണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ട്രോളിംഗ് നിരോധനം തീരുന്നതിനു മുന്നോടിയായി ബോട്ടുകളില്‍ പണിയെടുക്കുന്ന അതിഥിത്തൊഴിലാളികള്‍ ഭൂരിഭാഗവും സ്ഥലത്തെത്തിക്കഴിഞ്ഞു.
മുനമ്പം, മുരുക്കുംപാടം, കാളമുക്ക് , തോപ്പുംപടി മേഖലയില്‍നിന്നും ആയിരത്തില്‍പരം ബോട്ടുകളാണ് കടലിലേക്ക് പോകാന്‍ തയാറെടുക്കുന്നത്.എല്ലാവര്ക്കും പോലീസ് ഇക്കുറി പാസ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. തൊഴിലാളികളെത്തിയതോടെ ഭൂരിഭാഗം ബോട്ടുകളിലും മത്സ്യബന്ധന സാമഗ്രികളും കുടിവെളളവും ഐസും മറ്റും നിറച്ചു കഴിഞ്ഞു.
ഇന്ധനം നാളെ നിറയ്ക്കും. ആഴക്കടലിലേക്കു പോകുന്ന ബോട്ടുകള്‍ക്ക് കണവ, കൂന്തല്‍, അയല, കിളിമീന്‍ എന്നീ മീനുകളുടെ ലഭ്യതയാണ് സീസണിന്റെ തുടക്കത്തിൽ പ്രതീക്ഷിക്കുന്നത്. ഇത്തരം ബോട്ടുകള്‍ അഞ്ചോ, ആറോ ദിവസത്തെ മത്സ്യബന്ധനം കഴിഞ്ഞേ കരയ്ക്കടുക്കൂ.
അതേ സമയം പൂവാലന്, കരിക്കാടി ചെമ്മീനുകള്‍ ലക്ഷ്യം വെച്ച് പോകുന്ന ഇടത്തരം ബോട്ടുകള്‍ രണ്ടോ, മൂന്നോ ദിവസത്തെ മത്സ്യബന്ധനം കഴിഞ്ഞാണ് തിരിച്ചെത്തുക. എന്നാല്‍ പുലര്‍ച്ചെ പോയി വൈകുന്നേരം തിരിച്ചെത്തുന്ന ചെറിയ ബോട്ടുകള്‍ ഞായറാഴ്ച വൈകുന്നേരം ഹാര്‍ബറുകളില്‍ അടുക്കും.