കൊല്ലം: സംസ്ഥാനത്ത് 47 ദിവസമായിരുന്ന ട്രോളിംഗ് നിരോധനം 52 ദിവസമായി ഉയർത്തിയത് അട്ടിമറിക്കാനുള്ള നീക്കം ആര് നടത്തിയായും അതിനെതിരേ കരയിലും കടലിലും ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ച് ചെറുക്കുമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
മത്സ്യസന്പത്തിന്റെ സംരക്ഷണവും പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പും കണക്കിലെടുത്താണ് മത്സ്യപ്രജനന കാലമായ ജൂൺ മുതൽ ഓഗസ്റ്റ് വരെ 90 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്തണമെന്ന് വിദഗ്ധ സമിതി ശിപാർശ ചെയ്തത്.
ഇതിന്റെ അടിസ്ഥാനത്തിൽ കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങൾ 62 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് നടപ്പിലാക്കി വരുന്നത്. എന്നാൽ കേരളത്തിൽ മാത്രം 47 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം.
കേരളത്തിന് മാത്രമായി ഇങ്ങനെയൊരു നിലപാട് കൈക്കൊള്ളാൻ സാധിക്കില്ലെന്ന് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ സെക്രട്ടറി ടി.പീറ്റർ, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഭാരവാഹികളായ ജാക്സൺ പൊള്ളയിൽ, പി.പി.ജോൺ, എം.അംബ്രോസ്, എസ്.സ്റ്റീഫൻ എന്നിവർ ചൂണ്ടിക്കാട്ടി.
ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ മത്സ്യമേഖലയിലെ വിവിധ സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. മത്സ്യത്തൊഴിലാളി മേഖലയിലെ സംഘടനകളും ബോട്ടുടമകളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.
ട്രോളിംഗ് നിരോധനം കുറഞ്ഞത് ഒരാഴ്ചയെങ്കിലും കൂടി ദീർഘിപ്പിക്കണമെന്നാണ് യോഗത്തിൽ മത്സ്യത്തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടത്. എന്നാൽ ബോട്ടുടമകളുടെ സംഘടനകളുടെ അഭിപ്രായം കൂടി മാനിച്ച് അഞ്ച് ദിവസം ദീർഘിപ്പിച്ച് ട്രോളിംഗ് നിരോധനം 52 ദിവസമാക്കാൻ തീരുമാമനിച്ച് ധാരണയായാണ് യോഗം പിരിഞ്ഞത്.
ഇതിനെ അട്ടിമറിക്കാൻ ഇപ്പോൾ ഒരു വിഭാഗം ബോട്ടുടമകൾ ശ്രമിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇതിനെ ശക്തമായി ചെറുത്ത് തോൽപ്പിക്കുമെന്നും അവർ വ്യക്തമാക്കി.മൺസൂൺ ട്രോളിംഗ് നിരോധന കാലത്ത് 9.9 കുതിരശക്തിക്ക് മുകളിലുള്ള എൻജിൻ ഘടിപ്പിച്ച യാനങ്ങളെയും നിരോധിക്കണമെന്നാണ് ഫെഡറേഷന്റെ നിലപാട്.
ഇക്കാലയളവിൽ തമിഴ്നാട്, പോണ്ടിച്ചേരി സർക്കാരുകൾ നൽകുന്ന മാതൃകയിൽ നിശ്ചിത തുക പണിമുടങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് നൽകാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും ഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.