വൈപ്പിൻ: മത്സ്യ ബന്ധന ബോട്ടുകളുടെ മൺസൂൺ കാല ട്രോളിംഗ് നിരോധനം നാളെ അർധരാത്രിക്കു ശേഷം അവസാനിക്കും. ഇത് മുന്നിൽ കണ്ട് കടലിലേക്ക് മത്സ്യ ബന്ധനത്തിനു പോകാൻ മുനമ്പം ,മരുക്കുംപാടം, കൊച്ചി മത്സ്യ ബന്ധന മേഖലകളിൽ നിന്നും 1500 ഓളം മത്സ്യ ബന്ധന ബോട്ടുകളാണ് കരയിൽ തയാറെടുപ്പു പൂർത്തിയാക്കി കാത്തിരിക്കുന്നത്.
ട്രോളിംഗ് നിരോധനം തീരുന്നതിനു മുന്നോടിയായി വടക്കേ ഇന്ത്യാക്കാരായ അതിഥിത്തൊഴിലാളികൾ ഒഴാഴ്ച മുന്നേ തന്നെ ഹാർബറുകളിൽ എത്തിയിരുന്നു. തമിഴ്നാട്ടുകാരും വടക്കേ ഇന്ത്യാക്കാരുമാണ് ഇപ്പോൾ ബോട്ടുകളിലെ പണിക്കാർ. ഇവരെല്ലാം എത്തി മുന്നൊരുക്കങ്ങൾ ആരംഭിച്ചതോടെ ഹാർബറുകൾ ഒരാഴ്ച മുന്നേ സജീവമായിരുന്നു. ഒപ്പം അനുബന്ധ മേഖലയും സജീവമായി.
ബോട്ടുകളിലേക്ക് വേണ്ട വലകൾ, മറ്റ് മത്സ്യ ബന്ധന ഉപകരണങ്ങൾ, ഐസ്, ഭക്ഷണ സാമഗ്രികൾ, വെള്ളം എന്നിവ ശേഖരിച്ചു കഴിഞ്ഞു. പല ബോട്ടുകളിലും ഇനി ഇന്ധനം മത്രം നിറച്ചാൽ മതി. കടൽ ശക്തമായി ഇളകിയ സാഹചര്യത്തിൽ മീനുകളുടെയും ചെമ്മീനുകളുടേയും സാന്നിധ്യം കടലിൽ ഉണ്ടത്രേ.
പതിവുപോലെ ആദ്യ ദിനങ്ങളിൽ കിളിമീൻ ,കരിക്കാടി, പൂവാലൻ ചെമ്മീനുകളും കണവയുമായിരിക്കും ലഭ്യമാക്കുക. ഒരാഴ്ചയിലധികം കടലിൽ തമ്പടിച്ച് മത്സ്യ ബന്ധനം നടത്തുന്ന വലിയ ബോട്ടുകളാണ് കണവയുമായി എത്തുക.