വൈപ്പിൻ: അന്പത്തിരണ്ട് ദിവസത്തെ ട്രോളിംഗ് നിരോധനം ബുധനാഴ്ച അർധരാത്രികൊണ്ട് അവസാനിക്കാനിരിക്കെ കടലിൽ പോകാനുള്ള അവസാനവട്ട ഒരുക്കത്തിൽ മത്സ്യത്തൊഴിലാളികൾ. ബുധനാഴ്ച അർധരാത്രി 12നു ശേഷമാണ് ബോട്ടുകൾ കടലിലേക്ക് കുതിക്കുക. ഇതിനായി മുനന്പം മരുക്കുംപാടം കൊച്ചി മത്സ്യബന്ധന മേഖലയിൽ തയാറെടുപ്പുകൾ തകൃതിയായി ആരംഭിച്ചു കഴിഞ്ഞു.
ട്രോളിംഗ് നിരോധനത്തെ തുടർന്ന് നാട്ടിലേക്ക് പോയ ഇതരസംസ്ഥാന തൊഴിലാളികളായ കുളച്ചലുകാർ കൂട്ടമായി തിരിച്ചെത്തിയതോടെയാണ് ഹാർബറുകൾ ഉണർന്നത്. ബോട്ടുകളിലും മറ്റും വലകളും, ഐസുകളും, ഭക്ഷണ സാധനങ്ങളും വെള്ളവുമെല്ലാം നിറക്കാൻ തുടങ്ങിയതോടെ ഐസ് പ്ലാന്റുകൾ, വലക്കടകൾ, പലചരക്ക് കടകൾ എന്നിവിടങ്ങളിലെല്ലാം വൻ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി.
കൊച്ചി, മുരുക്കുംപാടം, മുനന്പം മത്സ്യബന്ധന കേന്ദ്രങ്ങളിൽ നിന്നായി 1200ൽ പരം മത്സ്യബന്ധന ബോട്ടുകളാണ് ട്രോളിംഗിനു പോകാനായി തയാറെടുക്കുന്നത്.31 വരെ മറൈൻ ഡീസൽ പന്പുകൾക്ക് നിരോധനം ബാധകമായതിനാൽ ഇന്ധനം 31 നു രാവിലെ മുതൽക്കെ നിറച്ചു തുടങ്ങുകയുള്ളു.
എങ്കിലും മറൈൻ പന്പുകളും എല്ലാം സജ്ജമായി കഴിഞ്ഞു. യാർഡുകളിൽ അറ്റകുറ്റപ്പണികൾക്കായി കയറ്റിയിട്ടുള്ള ബോട്ടുകൾ അവസാന മിനുക്ക് പണിയിലാണ്. പണി കഴിഞ്ഞിറങ്ങിയ ബോട്ടുകൾ ട്രയൽ ഓട്ടം നടത്തുന്നുണ്ട്.