അമ്പലപ്പുഴ: ട്രോളിംഗ് കഴിഞ്ഞതോടെ ബോട്ടുകാർക്ക് വല നിറയെ കിളിമീൻ ചാകര. ഒന്നരമാസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനത്തിനുശേഷം ബുധനാഴ്ച അർധരാത്രിയോടെയാണ് ബോട്ടുകൾ കടലിലിറങ്ങിയത്. ഇന്നലെ ഉച്ചയോടെ ചില ബോട്ടുകൾ തിരികെ തോട്ടപ്പള്ളി തുറമുഖത്തെത്തി.
ആദ്യദിനം ബോട്ടുകാർക്ക് കിളിമീനും വള്ളക്കാർക്ക് മത്തിയുമാണ് ലഭിച്ചത്. കിളിമീന്‍ ഒരു കിലോയ്ക്ക് 115 രൂപയ്ക്കാണ് ലേലം കൊണ്ടത്. മത്തിക്ക് 240 ഉം. ട്രോളിംഗ് കഴിഞ്ഞതോടെ തോട്ടപ്പള്ളി തുറമുഖത്ത് തിരക്ക് വർധിച്ചു. മത്സ്യത്തൊഴിലാളികളും അനുബന്ധത്തൊഴിലാളികളുമടക്കം നൂറുകണക്കിനു പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
വരും ദിവസങ്ങളിൽ ചെമ്മീൻ ഉൾപ്പെടെ സുലഭമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകൾ. എന്നാൽ, തുറമുഖത്തിന്റെ ശോചനീയാവസ്ഥ മൂലം തുറമുഖത്തിനുള്ളിൽ ബോട്ടുകൾക്ക് പ്രവേശിക്കാൻ കഴിയാത്തത് ദുരിതമായിട്ടുണ്ട്. പുലിമുട്ടിനുള്ളിൽ മണൽ അടിഞ്ഞുകിടക്കുന്നതാണ് ബോട്ടുകൾക്ക് കയറാൻ തടസമായി നിൽക്കുന്നത്.