വൈപ്പിൻ: കേരള തീരത്ത് കടലിൽ മത്സ്യബന്ധന ബോട്ടുകൾക്ക് നാളെ അർധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം. മത്സ്യബന്ധനം നടത്തിവന്ന ബോട്ടുകളിൽ 90 ശതമാനവും തീരമണഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവ നാളെ വൈകുന്നേരത്തോടെ തിരികെ എത്തും. മഴ വൈകിയാതിനാൽ ഇക്കുറി അവസാനനാളുകളിൽ കാര്യമായ ക്യാച്ചിംഗ് നടന്നില്ല.
മഴ തുടങ്ങി മത്സ്യങ്ങൾ തീരത്തേക്ക് വന്നു തുടങ്ങിയപ്പോഴേക്കും ട്രോളിംഗ് നിരോധനമായി. ഇതുമൂലം മത്സ്യബന്ധന ബോട്ടുടമകളും തൊഴിലാളികളും കടുത്ത നിരാശയിലാണ്.ബോട്ടുകൾ പൂർണമായും എത്തിക്കഴിഞ്ഞാലും ഹാർബറുകളുടെ പ്രവർത്തനം രണ്ടു ദിവസങ്ങൾ കൂടി പിന്നെയും തുടരും.
മത്സ്യങ്ങൾ വിറ്റഴിച്ച് ബോട്ടുകൾ മാറ്റിക്കെട്ടിയാലെ ഹാർബറുകൾ അടക്കു. തുടർന്ന് 52 ദിനങ്ങൾ ഹാർബറുകൾക്കും , ബോട്ടുകൾക്കും അനുബന്ധ മേഖലകൾക്കും വിശ്രമ കാലമാണ്. പരമ്പരാഗത വള്ളങ്ങൾ മാത്രമാണ് ട്രോളിംഗ് നിരോധന കാലത്ത് മത്സ്യ ബന്ധനത്തിനു പോകുക.
ട്രോളിംഗ് ബോട്ടുകൾക്ക് ഇക്കുറി സീസൺ ആദ്യം സാമാന്യം നല്ല ക്യാച്ചിംഗ് നടന്നെങ്കിലും വേനൽ മഴ ചതിച്ചതുമൂലം കടൽ വറുതിയിലായത് ബോട്ടുകളെ കടക്കെണിയിലാക്കിയെന്ന് ഉടമകൾ പറയുന്നു. ഇതുമൂലം ഭൂരിഭാഗം ബോട്ടുകളും രണ്ടു മാസത്തോളം കരയിൽ കെട്ടിയിടേണ്ടി വന്നു.
ഇതിനു ശേഷം വൈകിയെങ്കിലും മഴ തുടങ്ങിയതോടെ ഏതാനും ചില ബോട്ടുകൾക്ക് മാത്രമെ മത്സ്യബന്ധനത്തിനു പോകാൻ കഴിഞ്ഞുള്ളുവത്രേ. ലോകസഭാ തെരഞ്ഞെടുപ്പു കാലമായതിനാൽ അതിഥിത്തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക് വോട്ട് ചെയ്യാൻ പോയതാണ് ബോട്ടുകൾക്ക് വിനയായത്.