വൈപ്പിൻ: ട്രോളിംഗ് നിരോധനത്തെ തുടർന്ന് 52 ദിവസം കരയിൽ വിശ്രമിച്ച മത്സ്യബന്ധന ബോട്ടുകൾ ഇന്ന് പുലർച്ചെ 12 നുശേഷം കൂട്ടമായി കടലിലേക്ക് തിരിച്ചു. തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാൽ അഴിമുഖം കടന്ന് കിട്ടാൻ ബോട്ടുകൾക്ക് പാടുപെടേണ്ടി വന്നില്ല. സാധാരണ മഴയും കാറ്റും കോളും ഈ ദിവസങ്ങളിൽ ഉണ്ടാകാറുണ്ട്.
അങ്ങിനെ വരുന്പോൾ പല ബോട്ടുകളും നേരം പുലർന്നേ കടലിലേക്ക് പോകാറുള്ളു. ഇനി വല നിറയെ മത്സ്യവുമായുള്ള ബോട്ടുകളുടെ തിരിച്ചു വരവ് പ്രതീക്ഷിച്ച് ഹാർബറുകളിൽ കച്ചവടക്കാരും തരകൻമാരും കാത്തിരിപ്പ് തുടങ്ങി. ആദ്യമാദ്യം എത്തുന്ന ബോട്ടുകളിലെ മത്സ്യത്തിനു നല്ല വില ലഭിക്കുമെന്നതിനാൽ ആദ്യവലയിൽ നല്ലപോലെ മത്സ്യം ലഭിച്ച ബോട്ടുകൾ ഇന്ന് വൈകുന്നേരത്തോടെ ഹാർബറുകളിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിളിമീനായിരിക്കും സാധാരണ ട്രോളിംഗ് നിരോധനം കഴിഞ്ഞാൽ ബോട്ടുകൾക്ക് വല നിറയെ ലഭിക്കുന്നത്. പള്ളിപ്പുറം, തോപ്പുംപടി, മുരുക്കുംപാടം കായലുകളിൽ തന്പടിച്ച് സജ്ജമായി കിടന്നിരുന്ന ആയിരത്തിൽ പരം ബോട്ടുകളാണ് ചാകരതേടി കടലിലേക്ക് കുതിച്ചിരിക്കുന്നത്. നിരോധനം തീരുന്നതിനു മുന്നേ ബോട്ടുകൾ പോകാതിരിക്കാൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജോയ്സ് ഏബ്രഹാമിന്റ നേതൃത്വത്തിൽ രാത്രി 12 വരെ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും രണ്ട് അഴിമുഖത്തും ശക്തമായ പട്രോളിംഗ് ഏർപ്പെടുത്തിയിരുന്നു.
ചില ബോട്ടുകൾ ഇന്ധനം നിറച്ച് കിട്ടാൻ വൈകിയതിനാൽ നേരം പുലർന്നതിനുശേഷമാണ് തീരംവിട്ടത്. പല മറൈൻ പന്പുകളും ഇന്നലെ രാവിലെ മുതൽക്കാണ് ഇന്ധനം നൽകി തുടങ്ങിയത്. ഇതുമൂലം എല്ലാ ബോട്ടുകൾക്കും സമയത്തിനു ഇന്ധനം നിറക്കാൻ സാധിക്കാതെ വന്നു.