വൈപ്പിൻ: ട്രോളിംഗ് നിരോധനം കഴിഞ്ഞ് ആരംഭിക്കുന്ന പുതിയ സീസണിൽ ഫിഷറീസ് വകുപ്പിന്റെ കെടുകാര്യസ്ഥതമൂലം ബോട്ടുകൾക്ക് പെർമിറ്റ് പുതുക്കി നൽകുന്നത് വൈകുന്നെന്ന് മത്സ്യബന്ധന പ്രവർത്തകസംഘം. ഈ മാസം 31 നു ശേഷം ബോട്ടുകളെല്ലാം കടലിൽ പോകാൻ തയാറെടുപ്പുകൾ നടന്നു വരികയാണ്.
എന്നാൽ ഇവയിൽ പല ബോട്ടുകൾക്കും ഫിഷറീസ് വകുപ്പ് പെർമിറ്റ് പുതുക്കി നൽകിയിട്ടില്ല. മാത്രമല്ല നിർമാണം കഴിഞ്ഞിറങ്ങിയ നിരവധി ബോട്ടുകൾ വേറെയുമുണ്ട്. ഇവയ്ക്കും ഉദ്യോഗസ്ഥർ പെർമിറ്റ് നൽകുന്നില്ല. പുതിയ ബോട്ടുകൾക്കുള്ള പെർമിറ്റ് ജൂണ്‍ മാസത്തിൽ നൽകാമെന്നായിരുന്നു ഫിഷറീസ് മന്ത്രിയുടെ മുൻ വാഗ്ദാനം എന്നാൽ ജൂലൈ ആയിട്ടും ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ലെന്നാണ് സംഘം പറയുന്നത്.
മാത്രമല്ല മത്സ്യബന്ധന ബോട്ടുകൾക്കുള്ള പെർമിറ്റ് ഫീസ് 5000ത്തിൽ നിന്ന് അരലക്ഷമാക്കി ഉയർത്തിയ നടപടിയുൾപ്പെടെ മത്സ്യബന്ധന ബോട്ടുടമകൾ പരാതിപ്പെട്ട പല കാര്യങ്ങളിലും ഈ സീസണ് ആരംഭിക്കുന്നതിനു മുന്‍പ് പരിഹാരം കാണാമെന്ന് ഫിഷറീസ് മന്ത്രി ഫെബ്രുവരിയിൽ നടന്ന യോഗത്തിൽ ഉറപ്പ് നൽകിയതാണ്.
ഇതിനുശേഷവും പരാതികളുമായി തിരുവനന്തപുരത്തെത്തിയ സംഘം ഭാരവാഹികൾ ഫിഷറീസ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മയുമായി കൃഷി മന്ത്രി വി എസ് സുനിൽകുമാർ, എസ് ശർമ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലും ഈ ഉറപ്പ് ആവർത്തിച്ചിരുന്നു. നാളിതുവരെയായിട്ടും നടപടികളില്ല.
ഈ സാഹചര്യത്തിൽ പെർമിറ്റ് ഇല്ലെന്ന് പറഞ്ഞ് ബോട്ടുകൾ കടലിൽ പോകാതിരിക്കില്ല. ഇങ്ങിനെയുള്ള ബോട്ടുകളെ പിടികൂടാൻ ഫിഷറീസ് ഉദ്യോഗസ്ഥർ എത്തിയാൽ കടലിൽ സംഘർഷമുണ്ടാകുമെന്നാണ് ബോട്ടുടമകൾ നൽകുന്ന സൂചന. ു