തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. 52 ദിവസം നീണ്ട ഇടവേളയ്ക്ക് ശേഷം നാളെ മുതൽ 3500 യന്ത്രവൽകൃത ബോട്ടുകൾ മീൻ പിടിക്കാൻ കടലിലിറങ്ങും.
ബോട്ടുകളിലേക്ക് ഐസ് കയറ്റിത്തുടങ്ങി. ട്രോളിംഗ് നിരോധന സമയത്ത് ബോട്ടുകളുടെ കേടുപാടുകൾ തീർത്തും പുതിയ വലകൾ സജ്ജമാക്കിയും മത്സ്യത്തൊഴിലാളികൾ തയ്യാറെടുക്കുകയായിരുന്നു.
ഇന്ന് അർദ്ധരാത്രിയോടെ തന്നെ ബോട്ടുകളിൽ ആദ്യ സംഘംമീൻപിടിക്കാനിറങ്ങും. ട്രോളിംഗ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ കിട്ടിയെങ്കിലും 4500 രൂപയുടെ സാമ്പാദ്യ ആശ്വാസ പദ്ധതി ലഭിക്കാത്തതിൽ പരാതി ഉയർന്നിരുന്നു.
അതേസമയം യന്ത്രവൽകൃത ബോട്ടുകളിൽ മീൻ പിടിത്തം തുടങ്ങുന്നതോടെ മീൻ വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാർ. ജൂൺ 9ന് അർധരാത്രിയാണ് ട്രോളിംഗ് നിരോധനം നിലവിൽ വന്നത്.