തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം. യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങൾ ഇനിയുള്ള 52 ദിവസങ്ങൾ ആഴക്കടൽ മത്സ്യബന്ധനം നടത്തില്ല.
ഇപ്പോൾ പുറംകടലിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ തീരത്തേക്കു തിരിച്ചു വരികയാണ് അർധധരാത്രിയോടെ ബോട്ടുകൾ എല്ലാം കരയിൽ എത്തും.
മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പോലീസും ഇന്ന് വൈകിട്ടോടെ ട്രോളിംഗ് ബോട്ടുകൾ സുരക്ഷിത സ്ഥാനത്തേക്കു മാറ്റും.
ഹാർബറുകളിലെയും ഫിഷ് ലാൻഡിംഗ് സെന്ററുകളിലെയും ഡീസൽ ബങ്കുകൾ അടച്ചിടും. മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ബങ്കുകൾ ഇൻബോർഡ് യാനങ്ങൾക്ക് ഡീസൽ വിതരണം ചെയ്യുന്നതിനായി പ്രവർത്തിക്കും.
ഇന്ന് പറവൂർ മുതൽ അഴീക്കൽ വരെയുള്ള കടലിൽ രാവിലെയും ഉച്ചയ്ക്ക് ശേഷം തീരപ്രദേശത്തും അറിയിപ്പുകൾ ആവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
ലൈറ്റ് ഫിഷിംഗ്, നിരോധിത മത്സ്യബന്ധന വലകൾ എന്നിവ ഉൾപ്പെടെയുള്ള നിരോധിത മത്സ്യബന്ധന രീതികൾ അനുവദിക്കില്ല, അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും.
പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ആകെയുള്ള ആശ്വാസം ഉപരിതല മത്സ്യബന്ധനം നടത്താമെന്നതാണ്.അതേസമയം സർക്കാർ സഹായങ്ങൾ കൃത്യമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ട്രോളിങ് ബോട്ടുകളെ ആശ്രയിച്ച് കുടുംബം പുലർത്തുന്ന പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികൾ.