കൊല്ലം: മൺസൂൺകാല ട്രോളിംഗ് നിരോധനം മൂന്നുമാസമായി ദീർഘിപ്പിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴി ഫെഡറേഷൻ. ഈ ആവശ്യമുന്നയിച്ച് സംസ്ഥാനത്തുടനീളം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഫെഡറേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
മത്സ്യ സന്പത്തിന്റെ സംരക്ഷണത്തിനും വളർച്ചയ്ക്കുമായി കേന്ദ്ര സർക്കാർ 68 ദിവസത്തേയ്ക്ക് ട്രോളിംഗ് നിരോധിക്കുകയുണ്ടായി. രാജ്യത്തിന്റെ തീരക്കടലിൽ പത്ത് എച്ച്പിക്ക് മുകളിലുള്ള മത്സ്യബന്ധന യാനങ്ങൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് ഉത്തരവും ഇറക്കി.
ഈ ഉത്തരവ് സുപ്രിംകോടതി അംഗീകരിക്കുകയും ചെയ്തു. എന്നാൽ കേരളം ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളും പ്രസ്തുത തീരുമാനം നടപ്പിലാക്കി. സംസ്ഥാന സർക്കാരിന്റെ കടുംപിടിത്തം കാരണമാണ് ഇവിടെ ട്രോളിംഗ് നിരോധനം 45 ദിവസമാക്കി ചുരുക്കിയത്.നിരോധന കാലയളവ് മൂന്നുമാസം ആക്കണമെന്നുള്ള ആവശ്യം ഫെഡറേഷൻ 1980 മുതൽ ഉന്നയിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പലഘട്ടങ്ങളിലും നിരവധി പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചു. എന്നിട്ടും സർക്കാർ അനങ്ങാപ്പാറ നയം തുടരുകയാണ്.
സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഇപ്പോഴും വഴിപാടുപോലെ ചർച്ചകൾ തുടരുന്നതല്ലാതെ തീരുമാനം ഉണ്ടാകുന്നില്ലെന്ന് ഫെഡറേഷൻ ഭാരവാഹികൾ ചൂണ്ടിക്കാണ്ടി. വകുപ്പ് മന്ത്രി ഈ വിഷയത്തിൽ പ്രത്യേക താത്പര്യം എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമര പരിപാടികളുമായി തന്നെ മുന്നോട്ടു പോകാനാണ് സംഘടനയുടെ തീരുമാനം.
റിംഗ് സീൻ വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന കപ്പൽ വള്ളങ്ങൾ 22 കിലോമീറ്ററിനപ്പുറം പുറംകടലിൽ മത്സ്യബന്ധനം നടത്തണമെന്നായിരുന്നു ഉത്തരവ്. എന്നാസ്് സംസ്ഥാന സർക്കാർ ട്രോളിംഗ് നിരോധന വേളയിൽ പ്രസ്തുത വള്ളങ്ങളെയും മത്സ്യബന്ധനം നടത്താൻ അനുവദിച്ചിരിക്കുകയാണെന്ന് ഫെഡറേഷൻ ഭാരവാഹികളായ എ.ആൻഡ്രൂസ്, എം.അംബ്രോസ്, എസ്.സ്റ്റീഫൻ എന്നിവർ ആരോപിച്ചു.
ട്രോളിംഗ് ബോട്ടുകാർ അടിത്തട്ടിലെ മത്സ്യങ്ങളെയും മുട്ടകളെയും മത്സ്യക്കുഞ്ഞുങ്ങളെയുമാണ് നശിപ്പിക്കുന്നത്. ഇതുപോലെ റിംഗ്സീൻ വലകൾ ഉപയോഗിക്കുന്നവർ ഉപരിതലത്തിലെ മത്സ്യങ്ങളെ കൂട്ടത്തോടെ പിടിച്ചെടുത്ത് നശിപ്പിക്കുന്നു.
ഇതുകാരണം തീരക്കടലിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തിവരുന്ന പരന്പരാഗത തൊഴിലാളികൾക്ക് മത്സ്യബന്ധനം അസാധ്യമായിരിക്കയാണ്. മത്സ്യസന്പത്ത് സംരക്ഷിച്ച് തൊഴിലാളികളെ രക്ഷിക്കാനാണ് നിരോധനം ഏർപ്പെടുത്തുന്നതെങ്കിൽ തീരക്കടലിൽ മത്സ്യസന്പത്ത് കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ 34 നോട്ടിക്കൽ മൈൽ വരെ മീൻ പിടിക്കാൻ പരന്പരാഗത തൊഴിലാളികളെ അനുവദിക്കണം.
ഇപ്പോൾ 12 നോട്ടിക്കൽ മൈൽവരെ മാത്രം മീൻ പിടിക്കാനേ അനുമതിയുള്ളൂ. ഈ പ്രദേശത്ത് ഇപ്പോൾ കാര്യമായ മത്സ്യസന്പത്ത് ഇല്ല. അതുകൊണ്ടാണ് പരിധി വർധിപ്പിക്കണമെന്ന ആവശ്യം പരന്പരാഗത തൊഴിലാളികൾ ഉന്നയിക്കുന്നത്. ഇതിന് സർക്കാർ അനുമതി നൽകിയില്ലെങ്കിലും പോകാൻ തൊഴിലാളികൾ നിർബന്ധിതമാകുമെന്നും ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
മത്സ്യക്കുഞ്ഞുങ്ങളെ നശിപ്പിക്കുന്നവർക്ക് എതിരേ ശക്തമായ നിയമം കൊണ്ടുവന്ന് നിരോധനം ഏർപ്പെടുത്തിയ സർക്കാർ നടപടിയെ സംഘടന പൂർണമായി പിന്തുണയ്ക്കുന്നു. എന്നാൽ ഈ നിരോധനത്തിൽ അയവ് വരുത്താനുള്ള നീക്കം നടക്കുന്നതായി സംശയിക്കുന്നു. അങ്ങനെ വന്നാൽ അതിശക്തമായ സമരത്തിന് ഫെഡറേഷൻ നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു.