വൈപ്പിൻ: ട്രോളിംഗ് നിരോധനത്തെത്തുടർന്ന് ചാകരക്കോളു പ്രതീക്ഷിച്ച് കടലിലേക്ക് മത്സ്യപ്പെയ്ത്തിനു പോയ പരന്പരാഗത വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികൾ കലങ്ങിയ മനസുമായി വെറും കൈയോടെ തിരിച്ചെത്തി.
സാധാരണ ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്നശേഷം കടലിലേക്ക് പോകുന്ന പരന്പരാഗത വള്ളങ്ങൾക്ക് വലനിറയെ ശ്രീനാരൻ, പൂവാലൻ ചെമ്മീനുകൾ നൽകി കടലമ്മ കനിയാറുള്ളതാണ്. എന്നാൽ ആദ്യ ദിനമായ ബുധനാഴ്ച വൈപ്പിൻ ഗോശ്രീപുരം ഹാർബറിൽ നിന്നും പോയ വള്ളങ്ങൾ വലപോലും നനക്കാതെയാണ് തിരികെയെത്തിയത്.
കടലിൽ മത്സ്യത്തിന്റെയും ചെമ്മീനിന്റെയും സാന്നിധ്യം ഇല്ലെന്നാണ് തൊഴിലാളികൾ പറയുന്ന്. വെള്ളത്തിന്റെ വലിവിലും വ്യത്യാസമുണ്ടത്രേ. കാറ്റും കോളും മുറുകി കടൽ ഇളകി വെള്ളത്തിന്റെ വലിവിനു മാറ്റമുണ്ടായി അന്തരീക്ഷം അൽപം തെളിയുന്പോഴാണ് ആഴക്കടലിൽ നിന്നും മത്സ്യക്കൂട്ടങ്ങൾ തീരത്തേക്ക് അടുക്കുന്നതത്രേ.
ഈ പ്രതിഭാസം ഇക്കുറി ഇതുവരെ ഉണ്ടായിട്ടില്ല. ഇത് ഉണ്ടായാലെ ചാകരക്കോളു ഉണ്ടാകൂവെന്നാണ് പരന്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്. അതേ സമയം ചെറുവള്ളങ്ങളുമായി മത്സ്യബന്ധനത്തിനു പോകുന്നവർക്ക് കുറഞ്ഞ തോതിൽ വേളൂരി പോലുള്ള മത്സ്യങ്ങൾ ലഭിക്കുന്നുണ്ട്.