കൊല്ലം: ട്രോളിംഗ് നിരോധനം നടപ്പാക്കുന്പോൾ 280 മുതൽ 500 വരെ കുതിരശക്തിയുളള വളളങ്ങളെയും നിരോധനത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് കേരള മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് (കെറ്റിയുസി – ബി) ജില്ലാ പ്രവർത്തകസമ്മേളനം ആവശ്യപ്പെട്ടു.
കേരളമൊഴികെ ഒന്‍പത് സംസ്ഥാനങ്ങളിൽ 10 കുതിരശക്തിക്കു മുകളിലുളള ഒരു യാനത്തെയും നിരോധനസമയത്ത് കടലിൽ പോകാൻ അനുവദിക്കാത്തപ്പോൾ നമ്മുടെ സംസ്ഥാനത്ത് അനുവദിക്കുന്ന നടപടി ട്രോളിംഗ് നിരോധനത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തുമെന്ന് പ്രവർത്തകസമ്മേളനം ചൂണ്ടികാട്ടി.
വിദേശ കപ്പലുകൾക്ക് ഇന്ത്യൻ സമുദ്രത്തിൽ കയറി മത്സ്യബന്ധനം നടത്താനുളള കേന്ദ്ര സർക്കാരിന്റെ നടപടി മത്സ്യത്തൊഴിലാളികളുടെ കടുത്ത അനീതിയും നിരോധനത്തെ കാറ്റിൽപറത്തുന്നതുമായ നടപടിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. നിരോധനകാലത്ത് മത്സ്യത്തൊഴിലാളികൾക്ക് സൗജന്യറേഷനോടൊപ്പം തൊഴിലാളി കുടുംബത്തിന് 25,000 രൂപ വീതം സർക്കാരും ബോട്ടുടമകളും നൽകണമെന്നും യോഗം പറഞ്ഞു.
കേരള കോണ്‍ഗ്രസ്(ബി) സംസ്ഥാന സെക്രട്ടറി എൻ.എസ്. വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കലയപുരം വൈ. രാജു അധ്യക്ഷത വഹിച്ചു.പെരുംകുളം സുരേഷ്, ചാത്തന്നൂർ ഷാജി, പേരൂർ സജീവ്. നിബു തങ്കച്ചൻ, കൊല്ലം അല്കസാണ്ടർ, അരുണ്‍. എസ്. കല്ലിൽ, ജോസ് പ്രദീപ്, ഷോണ്‍ വാടി, ഷീബ ഡഗ്ലസ്, ശക്തിക്കുളങ്ങര ആൽബർട്ട്, ഷീജ മരുത്തടി, പ്രഭാ മോഹൻ, തേവലക്കര ക്ലീറ്റസ്, അസനാരുകുഞ്ഞ്, ക്രിസ്റ്റ്യൻ പെരേര എന്നിവർ പ്രസംഗിച്ചു.