മംഗളൂരു: ലോക്ക്ഡൗൺ നിയന്ത്രണം മൂലം ഒറ്റയ്ക്ക് വീട്ടിലിരുന്ന് ബോറടിച്ച 17കാരൻ കൂട്ടുകാരനെ കടത്തിക്കൊണ്ടു വന്നത് ട്രോളി ബാഗിലാക്കി. മംഗളൂരുവിലെ ബൽമട്ട ആര്യസമാജം റോഡിലെ ഫ്ലാറ്റിലാണ് സംഭവം അരങ്ങേറിയത്.
വീട്ടുസാധനങ്ങൾ വാങ്ങാനല്ലാതെ ആരും പുറത്തിറങ്ങരുതെന്നും പുറത്തുനിന്ന് ആർക്കും പ്രവേശനം നൽകില്ലെന്നും ഫ്ലാറ്റിലെ സെക്യൂരിറ്റി പറഞ്ഞതോടെയായിരുന്നു ട്രോളി കടത്തൽ.
പാണ്ഡേശ്വരത്തുള്ള കൂട്ടുകാരനെ വലിയ ട്രോളി ബാഗിലാക്കി 17കാരൻ ഫ്ലാറ്റിലെ ലിഫിറ്റിന്റെ അടുത്തെത്തി. ലിഫ്റ്റ് കാത്തുനിൽക്കവേയാണ് ബാഗ് തനിയെ അനങ്ങുന്നത് അവിടുണ്ടായിരുന്ന ഒരാളുടെ ശ്രദ്ധയിപ്പെടുന്നത്.
ഇതോടെ സംശയം തീർക്കാൻ താമസക്കാരും സെക്യൂരിറ്റിയും ചേർന്നു ബാഗ് തുറന്നു. അപ്പോഴാണ് ബാഗിനകത്ത് ഒരു പയ്യൻ ചുരുണ്ടിരിക്കുന്നത് കാണുന്നത്.
പോലീസെത്തി ഇരുവരേയും സ്റ്റേഷനിലെത്തിച്ച് താക്കീത് ചെയ്തു. ലോക്ഡൗൺ ലംഘിച്ചതിനു കേസ് റജിസ്റ്റർ ചെയ്തു വിട്ടയച്ചു.