ഇരിട്ടി: സെപ്റ്റംബർ 18ന് മാക്കൂട്ടം ചുരത്തിൽ ഓട്ടക്കൊല്ലിയിൽ ട്രോളി ബാഗിൽ കണ്ടെത്തിയ സ്ത്രീയുടെ അഴുകിയ മൃതദേഹം സംബന്ധിച്ച അന്വഷണം എങ്ങും എത്താതെ നീളുന്നു.
ഏകദേശം രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം ചുരത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെ നീക്കം ചെയ്യാനെത്തിയ വനം വകുപ്പ് ജീവനക്കാരായിരുന്നു കണ്ടെത്തിയത്. വീരാജ്പേട്ട സിഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആദ്യഘട്ടത്തിൽ ശക്തമായ അന്വേഷണമാണ് നടത്തിയിരുന്നത്.
കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കാണാതായ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം.പോസ്റ്റുമോർട്ടം റിപ്പോർട്ട് പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 20 നും 30 നും ഇടയിൽ പ്രായം വരുന്ന സ്ത്രീയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതോടെ കേരളത്തിലെ കണ്ണവത്തു നിന്നും കാണാതായ സ്ത്രീയെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം.
വീട്ടുകാരെത്തി തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ രക്ത സാമ്പിൾ ഡിഎൻഎ ടെസ്റ്റിന് എടുക്കാൻ കോടതി ഉത്തരവ് ലഭിച്ചപ്പോഴാണ് കാണാതായ സ്ത്രീയെ പേരാവൂരിൽ നിന്നും കണ്ടെത്തുന്നത്.
കണ്ണപുരത്തും അന്വേഷണം നടന്നെങ്കിലും കാണാതായ സ്ത്രീയെകുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതോടെ അതും ഉപേക്ഷിക്കുകയായിരുന്നു. കുടകിൽ നിന്നും കാണാതായ നാലു യുവതികളെക്കുറിച്ചുള്ള അന്വേഷണവും എങ്ങുമെത്താതെ വന്നതോടെയാണ് അന്വേഷണത്തിന്റെ വേഗത കുറഞ്ഞ് വിസ്മൃതിയിലേക്ക് നീങ്ങുന്നത്.
തെളിവുകളുടെ അഭാവം
വിജനമായ ചുരം മേഖലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയത് അന്വേഷണത്തെ കാര്യമായി ബാധിച്ചു. മൃതദേഹത്തിൽ നിന്നും കിട്ടിയ വസ്ത്രവും തലമുടിയും ട്രോളി ബാഗും മാത്രമായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകൾ.
വസ്ത്രം ഉപയോഗിച്ച് തിരിച്ചറിയാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ തലയോട്ടി ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയെങ്കിലും അന്വേഷണത്തിന് കാര്യമായ പുരോഗതി ഉണ്ടയില്ല.
ആളൊഴിഞ്ഞ ചുരം മേഖലയിൽ മൃതദേഹം കൊണ്ടുവന്ന് തള്ളിയ വാഹനം കണ്ടെത്താൻ കേരളത്തിലെയും കർണാടകത്തിലെയും സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ ശ്രമവും വിജയിക്കാതെ വന്നത് അന്വേഷണത്തെ കാര്യമായ ബാധിച്ചു.
ചുരം മേഖലയിൽ മൊബൈൽ നെറ്റവർക്ക് ഇല്ലാതെ വന്നത് ഫോൺ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണവും നടക്കാതെ വന്നതോടെ ഇപ്പോൾ അന്വേഷണം പൂർണമായും മുടങ്ങിയ അവസ്ഥയിലാണ് .
കുറ്റവാളി കാണാമറയത്ത്
രാത്രിയിലും പകലും യാത്രചെയ്യാൻ അനുമതിയുള്ള ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനുള്ളിലെ മാക്കൂട്ടം ചുരം റോഡിൽ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും കുറ്റകൃത്യങ്ങൾ തലപൊക്കുന്നത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. എങ്കിലും തെളിവുകളുടെ അഭാവം പോലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിക്കുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ സൂചനയിലേക്ക് പൊലീസിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംശയിക്കുന്ന സാഹചര്യങ്ങളൊന്നും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടില്ല.
മൃതദേഹം കണ്ടെത്താൻ വൈകിയതാണ് മറ്റൊരു കാരണം. സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങൾ ദിവസം തോറും വർധിച്ചുവരുന്ന സഹചര്യത്തിൽ വളരെ വിദഗ്ധമായി കൊലപാതകം നടത്തിയ ഒരു കേസുകൂടി യാതൊരു തെളിവുമില്ലാതെ ഉപേക്ഷിക്കുന്ന സാഹചര്യമാണ്.