കോഴിക്കോട്: പാലക്കാട്ടെ കള്ളപ്പണ ആരോപണവും ട്രോളി വിവാദവും സൃഷ്ടിച്ച പുകമറ മാറി യാഥാര്‍ഥ്യം വെളിപ്പെടാത്ത സാഹചര്യത്തില്‍ ഈ വിഷയത്തില്‍ത്തന്നെ പ്രചാരണം കൊഴുപ്പിക്കാനുളള നീക്കവുമായി ഇടതു-വലതു മുന്നണികളും എന്‍ഡിഎയും.എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് ഇതുവരെ പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നീലട്രോളിയാണ് പ്രചാരണത്തിലെ ഹൈലൈറ്റ്.
ട്രോളിയില്‍ പണമാണോ അതോ തുണിയാണോ എന്നു വ്യക്തമായിട്ടില്ല. കള്ളപ്പണം തന്നെയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സിപിഎമ്മും ബിജെപിയും.സിപിഎം നേതാക്കളാണ് ട്രോളി വിവാദത്തിന്റെ തിരക്കഥയ്ക്കു പിന്നിലെന്ന ശക്തമായ ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.
മന്ത്രി എം.ബി. രാജേഷ് പോലീസില്‍ സമ്മര്‍ദം ചെലുത്തിയാണ് പാതിരാത്രിക്ക് വനിതാ നേതാക്കളുടെയടക്കം മുറിയില്‍ റെയ്ഡ് നടത്തിയതെന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ആരോപണം.ഏതു അന്വേഷണവുമായും സഹകരിക്കാന്‍ തയാറാണെന്നും ട്രോളിയില്‍ പണമുണ്ടായിരുന്നോ എന്നറിയാന്‍ ശാസ്ത്രീയ പരിശോധന നടക്കട്ടെയെന്നും കോണ്‍ഗ്രസ് ആത്മവിശ്വാസത്തോടെ പറയുന്നു. അടുത്ത തെരഞ്ഞടുപ്പില്‍ സിപിഎമ്മിന്റെ ചിഹ്നം ട്രോളിയായിരിക്കുമെന്ന പരിഹാസവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്.
ഭരണകക്ഷിയുടെ ശക്തമായ സമ്മര്‍ദമുണ്ടെങ്കിലും വ്യക്തമായ തെളിവില്ലാതെ ട്രോളിയില്‍ പണമുണ്ടെന്നു പറയാനാവില്ലെന്നാണ് പോലീസിന്റെ നിലപാട്. വനിതാ നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ വനിതാ പോലീസില്ലാതെ പാതിരാത്രി റെയ്ഡ് നടത്തി പുലിവാല് പിടിച്ച പോലീസ്, ഇതുവരെ സംഭവത്തിൽ കേസെടുത്തിട്ടുമില്ല. കള്ളപ്പണം കണ്ടെത്താതെ എങ്ങനെ കേസെടുക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ചോദിക്കുന്നു.
ട്രോളി വിവാദത്തില്‍ പുകമറ സൃഷ്ടിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രചാരണം ആര്‍ക്കു ഗുണം ചെയ്യുമെന്നറിയാന്‍ വോട്ടിട്ടു പെട്ടി തുറക്കുന്നതു വരെ കാത്തിരിക്കേണ്ടി വരും. അതേസമയം, ട്രോളിയില്‍ കള്ളപ്പണമായിരുന്നുവെന്നു തെളിയിക്കാനുള്ള വഴികൾ തേടുകയാണ് സിപിഎം. എല്‍ഡിഎഫ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്നത്.
ഇവിടെനിന്ന് സിപിഎമ്മിന് ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ എളുപ്പത്തില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. ട്രോളിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലങ്ങും വിലങ്ങും നടക്കുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കാണാമെങ്കിലും അതിലെന്താണെന്നു കണ്ടെത്താന്‍ പാര്‍ട്ടി തലത്തിലും സിപിഎം അന്വേഷണം നടത്തുന്നുണ്ട്.
തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണു കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടതെന്നിരിക്കെ, സിപിഎം സമ്മര്‍ദത്തെ ത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും അറിയിക്കുംമുമ്പ് പോലീസ് ഹോട്ടലില്‍ പാഞ്ഞെത്തിയതും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഹോട്ടലിലെത്തി മണിക്കൂറുകള്‍ക്കു ശേഷമാണ് പോലീസ് വിവരം മുഖ്യവരണാധികാരിയായ ജില്ലാ കളക്ടറെ അറിയിച്ചത്.
ഈ വിഷയത്തില്‍ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേരളത്തില്‍ രണ്ടാം അക്കൗണ്ട് പാലക്കാട്ട് തുറക്കുമെന്ന് ബിജെപി അവകാശപ്പെടുന്നതിനിടെ, കള്ളപ്പണ വിവാദത്തില്‍ സിപിഎമ്മും ബിജെപിയും ഒന്നിച്ചുനിന്ന് ഉയര്‍ത്തിയ ആരോപണങ്ങള്‍, അതു തെളിയിക്കാനാകാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്കു ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ.
കോണ്‍ഗ്രസുകാരനായിരുന്ന പി. സരിന് ചെങ്കൊടിയേന്തി രാഹുല്‍ മാങ്കൂട്ടത്തിലിനോട് ഏറ്റുമുട്ടുമ്പോള്‍ പാലക്കാട്ട് പ്രതീക്ഷിച്ചതിലും എളുപ്പത്തില്‍ തങ്ങള്‍ക്കനുകൂലമായി കളമൊരുങ്ങുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. അതിനിടെയാണ് കൊടകര കുഴൽപ്പണ വിവാദവും ട്രോളി വിവാദവുമുണ്ടായത്.പാതിരാ നാടകത്തിനു ചൂടുപകരാന്‍ സിപിഎമ്മും ബിജെപിയും ഒരുമിച്ചുനിന്നു മുദ്രാവാക്യം വിളിച്ചെങ്കിലും തെളിവ് കിട്ടാത്തതിന്റെ നിരാശയിലാണ് അവര്‍.