സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനങ്ങൾ നാടെങ്ങും ഉദ്ഘാടന മഹാഹമങ്ങളുമായി കൊണ്ടാടുന്പോൾ ആയിരം ദിനമായിട്ടും സർക്കാരിന്റെ കനിവും കാത്തുകഴിയുന്ന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രോമാകെയർ ഇനിയും തുറന്നില്ല. ആധുനിക സജ്ജീകരണങ്ങളുള്ള ട്രോമാകെയറിന് 14 കോടിരൂപയാണ് അനുവദിച്ചത്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ട്രോമാകെയർ കെട്ടിടത്തിന്റെ ഉദ്ഘാടന മാമാങ്കം നടത്തിയെങ്കിലും തുടർന്നുവന്ന എൽഡിഎഫ് സർക്കാരിനും ഇത് തുറക്കാൻ കഴിഞ്ഞില്ല.14 കോടിയിൽ ഏഴു കോടി രൂപയ്ക്കാണ് കെട്ടിടം നിർമിച്ചത്. ബാക്കി തുക ഉപയോഗിച്ച് ഇവിടേക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനുമായിരുന്നു പദ്ധതി. എന്നാൽ സർജിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി ആരോപണമുയർന്നു.
അഞ്ച് കോടിയുടെ സാമഗ്രികൾ വാങ്ങിച്ചുവെന്ന് പറയുന്നുണ്ടങ്കിലും ഇവയിൽ പലതും ആശുപത്രി രേഖകളിൽ കാണുന്നില്ലത്രെ. ഇതെ തുടർന്ന് മുൻ ആശുപത്രി സൂപ്രണ്ട് നിസാമുദ്ദീൻ സർക്കാരിനെ ഇക്കാര്യം അറിയിക്കുകയും വിജലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്വേഷണം ഇപ്പോഴും എവിടെയും എത്തിയിട്ടില്ല.
അപകടങ്ങളിൽ പെട്ട് ഗുരുതരാവസ്ഥയിൽ എത്തുന്നവർക്ക് അടിയന്തിര പ്രഥമ ശുശ്രൂഷ നൽകാനാണ് കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ ട്രോമാകെയർ യൂണിറ്റിന് അനുമതിയായത്. സാധാരണക്കാർ ആശ്രയിക്കുന്ന തൃശൂർ മെഡിക്കൽ കോളജിൽ അനുമതിയും ഫണ്ടും കിട്ടിയിട്ടും ട്രോമാകെയർ കെട്ടിടം പണിതുകഴിഞ്ഞിട്ടും അത് തുറന്നുകൊടുക്കാൻ അധികൃതർ കാണിക്കുന്ന അനാസ്ഥ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇവിടേക്ക് അനുവദിച്ച മെഡിക്കൽ ഉപകരണങ്ങൾ മറ്റു ചില വാർഡുകളിൽ ഉപയോഗിക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. ദിവസേന നിരവധി അപകടകേസുകളാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നെത്തുന്നത്. അവർക്ക് അടിയന്തിര പ്രാഥമിക ചികിത്സ നൽകാനായി ആവിഷ്കരിച്ച ട്രോമാകെയർ ഇനിയും തുറക്കാത്തത് ആയിരം മാപ്പു പറഞ്ഞാൽ പോലും തീരാത്ത കുറ്റമാണ്.