മനുഷ്യരേക്കാൾ നന്ദിയുള്ളവരാണ് മൃഗങ്ങളെന്ന് പലരും പറയാറുണ്ട്. അക്ഷരാർഥത്തിൽ അത് സത്യമെന്ന് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഉത്തർ പ്രദേശിലെ ബാഗ്പതിൽ ഒരു ആറ് വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഒരു കൂട്ടം കുരങ്ങൻമാർ ചേർന്ന് ഉപദ്രവിച്ച് ഓടിച്ചു.
കുട്ടിയെ ഇയാൾ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും വീട്ടിലെത്തി കുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെ ഒരു കൂട്ടം കുരങ്ങൻമാർ ഓടിയെത്തി ഇയാളെ ആട്ടിപ്പായിച്ചു.
ഇയാളെ കുരങ്ങൻമാർ മാന്തുകയും കടിക്കുകയുമൊക്കെ ചെയ്തു. പേടിച്ച് നിലവിളിച്ച് കുട്ടിയെ അവിടെ ഉപേക്ഷിച്ച് അയാൾ കടന്നു കളയുകയായിരുന്നു. സംഭവത്തിൽ പ്രതികരണവുമായി കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു എന്ന് ബാഗ്പത് സർക്കിൾ ഓഫീസർ ഹരീഷ് ഭഡോറിയ പറഞ്ഞു.
‘സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ അയാൾ എന്റെ മകളെയും കൂട്ടി ഇടുങ്ങിയ വഴിയിലൂടെ നടക്കുന്നത് കാണാമായിരുന്നു. അയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നെ കൊല്ലുമെന്ന് പറഞ്ഞ് എന്റെ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു അയാൾ. ആ കുരങ്ങന്മാർ ഇടപെട്ടില്ലായിരുന്നുവെങ്കിൽ എന്റെ മകൾ അപ്പോഴേക്കും മരിച്ചേനെ എന്നാണ് പിതാവ് പറഞ്ഞത്.