ഇടുക്കി: തോപ്രാംകുടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. തോപ്രാംകുടി സ്കൂൾ സിറ്റി കുന്നുപുറത്ത് ഷാജി (സുഹൃത്ത് ഷാജി- 51) യാണ് ഭാര്യ മിനിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
സ്കൂൾ സിറ്റിയ്ക്കു സമീപം പെലിക്കൻ കവലയിൽ ഇവർ താമസിച്ചിരുന്ന വീട്ടിലാണ് സംഭവം. വീടിന്റെ കിടപ്പു മുറിയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. മിനി കഴുത്തിനു മാരകമായി വെട്ടേറ്റ നിലയിലായിരുന്നു. കഴുത്തിൽ കേബിൾ മുറുകിയ നിലയിൽ നിലത്തു വീണു കിടക്കുന്ന നിലയിലായിരുന്നു ഷാജിയുടെ മൃതദേഹം. കേബിളിൽ തൂങ്ങിയതിനു ശേഷം കേബിൾ പൊട്ടി താഴെ വീണതാകാമെന്നാണ് നിഗമനം. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.
ഇന്നു രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറം ലോകം അറിയുന്നത്. സമീപത്തു താമസിക്കുന്നവർ രാവിലെ മുതൽ ഇവരുടെ മൊബൈലിലേക്ക് വിളിച്ചിരുന്നെങ്കിലും ഫോണ് എടുത്തില്ല. തുടർന്ന് ഇവർ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. വിവരമറിഞ്ഞ് മുരിക്കാശേരി പോലീസും നാട്ടുകാരും സ്ഥലത്തെത്തി.
ഇവരുടെ വീട്ടിൽ പലപ്പോഴും കലഹം നടന്നിരുന്നതായി സമീപവാസികൾ പറഞ്ഞു. മദ്യപാന ശീലമുള്ള ഷാജി വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്നും അയൽവാസികൾ പറയുന്നു. ഇവരുടെ മൂത്തമകൾ അശ്വതിയെ വിവാഹം കഴിച്ചയച്ചു. ഇളയമകൾ ആതിര അടിമാലിയിൽ നിന്നു പഠിക്കുകയാണ്.
കൂലിപ്പണിക്കാരനായിരുന്ന ഷാജി ഏതാനും മാസങ്ങൾക്കു മുൻപും ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നു. ഇതെ തുടർന്ന് മാസങ്ങളായി ജോലിക്കു പോകാതെ ഇയാൾ വീട്ടിൽ തന്നെ വിശ്രമത്തിലായിരുന്നു. മിനിയാണ് കൂലിപ്പണിയ്ക്കു പോയി കുടുംബം പുലർത്തിയിരുന്നത്. മക്കൾ രണ്ടു പേരും വീട്ടിൽ ഇല്ലാത്തതിനാൽ ഷാജിയും മിനിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസ്, മുരിക്കാശേരി സിഐ സജീവ് ലൂയിസ്, എസ്ഐ കെ.ജി.തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. വിരലടയാള വിദഗ്ധരും ഡോഗ് സക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. തുടർന്നായിരിക്കും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റുക. ഷാജിയുടെ മൃതദേഹം കഴുത്തിൽ കേബിൾ വരിഞ്ഞു മുറുകി നിലത്തു കിടക്കുന്ന നിലയിലായതിനാൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടി വരുമെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.