ഓക്‌സ്ഫഡ് സര്‍വകലാശാല നടത്തുന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ പാളിച്ചയോ ? ഇഞ്ചക്ഷന് വിധേയമാക്കിയ ആളുടെ ആരോഗ്യനില ഗുരുതരമെന്ന് സൂചന; പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു…

ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ വാക്‌സിന്‍ പരീക്ഷണത്തില്‍ പാളിച്ചയെന്ന് വിവരം. ഓക്‌സ്ഫഡും ആസ്ട്ര സെനേക്ക എന്ന മരുന്ന് നിര്‍മാതാക്കളും സംയുക്തമായി വികസിപ്പിച്ച വാക്‌സിന്റെ പരീക്ഷണത്തിന് വിധേയമായ ഒരു വ്യക്തിയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മരുന്ന് പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

വാക്‌സിനേഷന് വിധേയമായ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.എന്ത് തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടായതെന്ന് വ്യക്തമല്ലെങ്കിലും, പ്രസ്തുത വ്യക്തി പെട്ടെന്നു തന്നെ സുഖം പ്രാപിക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു വ്യക്തി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇത്തരത്തില്‍ പരീക്ഷണങ്ങള്‍ പകുതിയില്‍ വെച്ച് നിര്‍ത്തേണ്ടിവരുന്നത് അത്ര അസാധാരണമല്ലെങ്കിലും ലോകം അളവറ്റ പ്രതീക്ഷയോടെ കണ്ടിരുന്ന ഒരു പരീക്ഷണത്തില്‍ പാളിച്ച സംഭവിച്ചത് ലോക ജനതയെത്തന്നെ നിരാശരാക്കുകയാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുമ്പോഴും, ലോകാരോഗ്യ സംഘടന വരെ വളരെ പ്രതീക്ഷയര്‍പ്പിച്ച ഒന്നായിരുന്നു ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പരീക്ഷണന്‍.

അസ്ട്രാ സെനേകാ വാക്‌സിന്റേയും മറ്റ് എട്ട് വാക്‌സിനുകളുടെയും മൂന്നാം ഘട്ട പരീക്ഷണം ലോകമാകെത്തന്നെ സസൂഷ്മം നിരീക്ഷിച്ചു വരികയാണ്. ഒമ്പത് ലക്ഷത്തിനടുത്ത ആളുകളുടെ മരണത്തിന് കാരണമാവുകയും അതില്‍ എത്രയോ ഇരട്ടി പേരുടെ ജീവിതം വഴിമുട്ടിക്കുകയും ചെയ്ത കോറോണക്കെതിരെയുള്ള പോരാട്ടത്തില്‍, താത്ക്കാലികമായെങ്കിലും വന്ന ഈ തിരിച്ചടി തീര്‍ത്തും നിരാശാജനകം തന്നെയാണ്.

ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടതിനാല്‍ തങ്ങള്‍ തന്നെ സ്വയം ഇതിന് താത്ക്കാലിക വിലക്ക് കല്‍പിക്കുകയായിരുന്നു എന്നാണ് അസ്ട്ര സെനെകയുടെ വക്താവ് പറഞ്ഞത്. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടകുമ്പോള്‍, വിശദീകരിക്കാന്‍ കഴിയാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പരീക്ഷണം തത്ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നത് സാധാരണമായ ഒരു നടപടി മാത്രമാണെന്നും വക്താവ് അറിയിച്ചു.

പരീക്ഷണങ്ങളുടെ സത്യസന്ധത പൂര്‍ണ്ണമായും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എ സെഡ് ഡി 1222 എന്നറിയപ്പെടുന്ന അസ്ട്ര സെനെക്കയുടെ വാക്‌സിന്‍ അമേരിക്കയിലും ലോകത്താകമാനവും അതിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലായിരുന്നു.

ഇതില്‍ നിന്നുള്ള സുരക്ഷയും മറ്റുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വാക്‌സിന് അനുമതി ലഭിക്കുക.നിലവില്‍ ഉണ്ടായ ആരോഗ്യ പ്രശ്‌നം അത്ര ഗുരുതരമാകില്ലെന്ന പ്രത്യാശ ഉയരുമ്പോഴും, മനുഷ്യ ചരിത്രത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ കണ്ടുപിടിച്ച വാക്‌സിന്‍ ഉപയോഗത്തിലെത്തുന്നതില്‍ ഇത് കാലതാമസം വരുത്തിയിരിക്കുകയാണ്.

Related posts

Leave a Comment