ബംഗളുരു/ശിവമോഗ: കർണാടകയിലെ ശിവമോഗയിൽ സ്ഫോടകവസ്തു കയറ്റി വന്ന ട്രക്ക് പൊട്ടിത്തെറിച്ച് എട്ടുപേർ മരിച്ചു. റെയിൽവേ ക്രഷർ യൂണിറ്റിലേക്ക് വെടിമരുന്നുമായി വന്ന ട്രക്കാണ് പൊട്ടിത്തെറിച്ചത്. ശിവമോഗയിലെ അബലഗിരി ഗ്രാമത്തിനുസമീപമാണ് അപകടം നടന്ന ക്വാറി.
ഇന്നലെ രാത്രി 10.20 നാണ് അപകടം. ക്രഷർ യൂണിറ്റിൽ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ഇവർ എല്ലാവരും ബീഹാറിൽ നിന്നുള്ളവരാണ്. സംഭവം നടന്നയുടനെ മംഗളുരൂ, ബംഗളുരു എന്നിവിടങ്ങളിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് സ്ഥലം സീൽ ചെയ്തു. രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
അപകടം നടന്ന ശിവമോഗ ജില്ലയിലും സമീപ ജില്ലയായ ചിക്കമംഗ്ലൂരുവിലും സ്ഫോടനശബ്ദം കേട്ട് നാട്ടുകാർ ഭൂചനമാണെന്നു കരുതി വീടിനു പുറത്തേക്ക് ഓടി. സ്ഫോടനത്തിന്റെ ശബ്ദം 15 കിലോമീറ്റർ അകലെ വരെ കേട്ടു.
പല കെട്ടിടങ്ങൾക്കും കാര്യമായ നാശനഷ്ടമുണ്ടായതായി സമീപവാസികൾ പറഞ്ഞു. റോഡുകൾ വിണ്ടുകീറി. വീടുകളുടെ ജനൽ ചില്ലുകളും മറ്റും പൊട്ടിത്തെറിച്ചു. സംഭവസമയത്ത് ക്രഷറിൽ പത്തുപേരുണ്ടായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഉത്തരവിട്ടു.
യെദ്യൂരപ്പയുടെ സ്വന്തം നാടാണ് ശിവമോഗ. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖപ്പെടട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.