നെയ്റോബി: കെനിയയിൽ വാഹനാപകടത്തിൽ 48 പേർ മരിച്ചു. പടിഞ്ഞാറൻ കെനിയയിൽ തിരക്കേറിയ ജംഗ്ഷനിൽ നിയന്ത്രണം വിട്ട ട്രക്ക് വാഹനങ്ങളിലേക്കും കാൽനടയാത്രക്കാരുടെ ഇടയിലേക്കും ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ഇതുവരെ 48 പേർ മരിച്ചതായി സ്ഥിരീകരിക്കാൻ സാധിച്ചുവെന്ന് പോലീസ് അറിയിച്ചു. 30 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും നിരവധി പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കെറിച്ചോയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് നിയന്ത്രണം വിട്ട് റോഡരികിലുണ്ടായിരുന്ന ആളുകളെയും കച്ചവടക്കാരെയും ഇടിച്ചുതെറിപ്പിച്ചത്.
എട്ട് വാഹനങ്ങളും നിരവധി മോട്ടോർ സൈക്കിളുകളും തകർന്നു. രക്ഷാപ്രവർത്തനങ്ങൾക്കുശേഷം അപകടകാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടത്തുമെന്ന് ഗതാഗത മന്ത്രി കിപ്ചുംബ മുർകോമെൻ ട്വീറ്റ് ചെയ്തു.