അലക്ഷ്യമായി ഹൈവേയിലേക്ക് കയറിയ ബൈക്കിനെ ഇടിക്കാതിരിക്കാന്‍ ട്രക്ക് വെട്ടിച്ചു മാറ്റി ! എതിരേ വന്ന മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചു മറിഞ്ഞു; വീഡിയോ കാണാം…

ഇട റോഡില്‍ നിന്ന് അശ്രദ്ധമായി ഹൈവേയിലേക്ക് കയറുന്ന പല വാഹനങ്ങളും അപകടങ്ങള്‍ ഉണ്ടാക്കാറുണ്ട്.

ഹൈദരാബാദിലെ രാജേന്ദ്ര നഗറില്‍ ഇത്തരത്തിലുണ്ടായ ഒരു അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് സൈബറാരാബാദ് ട്രാഫിക് പൊലീസ്.

രാജേന്ദ്ര നഗര്‍ ഹിമായത് സാഗര്‍ ടോള്‍ ഗേറ്റിലാണ് അപകടമുണ്ടായത്. ഇടറോഡില്‍ നിന്നു വന്ന മോട്ടോര്‍ സൈക്കിള്‍ മറ്റൊന്നും ശ്രദ്ധിക്കാതെ നേരെ ഹൈവേയിലേക്കു കയറുകയായിരുന്നു.

പാഞ്ഞുവരികയായിരുന്ന ട്രക്ക് ഡ്രൈവര്‍ ഇതു കണ്ടു. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ഞൊടിയിടയില്‍ ട്രക്ക് വലത്തേക്കു വെട്ടിക്കുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് എതിര്‍ഭാഗത്തു നിന്നും വേഗത്തില്‍ വരികയായിരുന്ന മറ്റൊരു ട്രക്കുമായി ഈ ട്രക്ക് കൂട്ടിയിടിച്ച് മറിയുകയായിരുന്നു.

ഇരു ഡ്രൈവര്‍മാര്‍ക്കും അപകടത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഏറെ നേരം ഹൈവേയില്‍ ഗതാഗത തടസ്സമുണ്ടായി.

അപകടത്തിന് കാരണമായ ബൈക്ക് യാത്രികന് പരിക്കൊന്നും പറ്റിയില്ല. ഇയാള്‍ തിരിച്ചു പോവുന്നതും ദൃശ്യങ്ങളില്‍ കാണാം.

ബൈക്ക് യാത്രികനെതിരെ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.

Related posts

Leave a Comment