വിനോദയാത്ര വിലാപയാത്രയായി! ട്രക്കിംഗ് സംഘമെത്തിയത് വനിതാദിനമാഘോഷിക്കാന്‍; ലക്ഷ്യം വച്ചത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടികളിലൊന്ന് കീഴടക്കല്‍; അവസരമൊരുക്കിയത് ഫേസ്ബുക്ക് ഗ്രൂപ്പ്

വനിതാദിനാഘോഷം വിലാപത്തിലെത്തിയിരിക്കുകയാണ്, തേനിയില്‍ കാട്ടുതീയില്‍പെട്ട പെണ്‍കുട്ടികളുടെ കാര്യത്തില്‍. തമിഴ്‌നാട് അതിര്‍ത്തിയിലെ തേനിയില്‍ കുരങ്ങിണി വനമേഖലയില്‍ കാട്ടുതീയില്‍ അകപ്പെട്ട സംഘമെത്തിയത് വനിതാദിനം ആഘോഷിക്കാനായിരുന്നു. ഇവര്‍ക്ക് ട്രക്കിങ്ങിന് പോകാന്‍ അവസരമൊരുക്കിയത് ചെന്നൈ ട്രക്കിംഗ് ക്ലബ് (സിടിസി) എന്ന ഫേസ്ബുക് ഗ്രൂപ്പാണ്. ഐടി ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടവരില്‍ ഏറെയുമെന്നാണ് സൂചന.

ഈ സംഘത്തിലുള്ളവരും കാട്ടുതീയില്‍ മരിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടികളിലൊന്നു കീഴടക്കുക എന്നതായിരുന്നു ട്രക്കിങ് സംഘത്തിന്റെ ദൗത്യം. ഇതു സംബന്ധിച്ചു സിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക് പേജിലും വിവരങ്ങള്‍ നല്‍കിയിരുന്നു. തമിഴ്നാട്-കേരള അതിര്‍ത്തിയിലെ കൊളുക്കുമലയില്‍ രണ്ടു ദിവസത്തെ ട്രക്കിങ്ങിനായിരുന്നു ക്ഷണം. ഫെബ്രുവരി ഒന്‍പതിനാണു റജിസ്‌ട്രേഷന്‍ ആരംഭിച്ചത്.

സംഘാടകര്‍ ഉള്‍പ്പെടെ പരമാവധി 20 പേര്‍ക്കു പങ്കെടുക്കാനാകുമായിരുന്നു. മാര്‍ച്ച് ഒന്‍പതിനു രാവിലെ അഞ്ചിനു ചെന്നൈയില്‍നിന്നു സംഘം യാത്ര തിരിച്ചു. 11നു രാത്രി ഒന്‍പതോടെ യാത്ര അവസാനിപ്പിക്കാനായിരുന്നു തീരുമാനം. 12നു രാവിലെ തിരികെ ചെന്നൈയിലെത്താവുന്ന വിധം ട്രക്കിങ് നടത്തുന്നതിനിടെയാണു ദുരന്തം. യാത്രാചെലവായി 1500 രൂപയും ഒപ്പം ഗതാഗത ചെലവുമായിരുന്നു പങ്കെടുക്കുന്നവര്‍ നല്‍കേണ്ടിയിരുന്നത്. ദിവ്യ, നിഷ എന്നിവരാണു സംഘാടകരെന്നും വെബ്സൈറ്റിലുണ്ട്. ട്രക്കിങ്ങിനു വേണ്ട എല്ലാ പരിശീലനവും നല്‍കിയാണു സിടിസി അംഗങ്ങളെ യാത്രയ്ക്കു പ്രാപ്തമാക്കാറുള്ളത്.

ട്രക്കിങ്ങിന് ആവശ്യമായ എല്ലാ വസ്തുക്കളും ഉറപ്പാക്കാറുമുണ്ട്. യാത്രയ്ക്കിടെ അപകടം സംഭവിച്ചാല്‍ സിടിസി ഉത്തരവാദിയല്ലെന്നു റജിസ്ട്രേഷന്‍ സമയത്ത് അറിയിക്കും. യാത്രയ്ക്കിടെ ഉണ്ടാകാനിടയുള്ള അപകടങ്ങളെപ്പറ്റിയും റജിസ്ട്രേഷന്‍ സമയത്തു മുന്നറിയിപ്പു നല്‍കും. ഇത്തവണ അപ്രതീക്ഷിതമായെത്തിയ കാട്ടുതീ എല്ലാം തകിടം മറിക്കുകയായിരുന്നു. 2008ല്‍ രൂപപ്പെട്ട ഈ കൂട്ടായ്മ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ട്രക്കിംഗ് ഗ്രൂപ്പുകളിലൊന്നാണ്. നാലു ലക്ഷത്തോളം അംഗങ്ങളാണു ഗ്രൂപ്പിലുള്ളത്. ശുചീകരണവും വൃക്ഷത്തൈ നടീലുമൊക്കെയായി പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവര്‍ത്തനങ്ങളും സംഘം ചെയ്യുന്നു.

കാട്ടുതീയെത്തുടര്‍ന്നു സംഘാംഗങ്ങളെല്ലാം ചിതറിയോടുകയായിരുന്നുവെന്നാണു റിപ്പോര്‍ട്ട്. ട്രക്കിങ് പാതയില്‍നിന്നു മാറിയവരാണ് അപകടത്തില്‍പ്പെട്ടതെന്നറിയുന്നു. പുല്‍പ്രദേശത്തേക്ക് ഓടിയെത്തിയവര്‍ക്കാണു ഗുരുതര പൊള്ളലേറ്റത്. കാട്ടിലേക്ക് വാഹനങ്ങള്‍ എത്തിക്കാനാകാത്തതു രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. എന്നാല്‍ കാട്ടിനുള്ളില്‍ ടോര്‍ച്ച് തെളിച്ചുനിന്നതും പലരെയും കണ്ടെത്താന്‍ സഹായിച്ചു. ട്രക്കിങ്ങിനിടെ ശക്തിയേറിയ എല്‍ഇഡി ടോര്‍ച്ച് ഉള്‍പ്പെടെ കരുതാന്‍ സിടിസി സംഘത്തിനു നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ സിടിസി ഫേസ്ബുക് പേജില്‍ അപകടം സംബന്ധിച്ച വിവരങ്ങളൊന്നുമില്ല.

 

Related posts