അടിമാലി: ഉത്തരാഖണ്ഡിൽ ട്രക്കിംഗിനിടെ മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്പിളികണ്ടം പൂവത്തിങ്കൽ (മുക്കുറ്റിയിൽ)അമൽ (35) ആണ് മരിച്ചത്.
അമലിനൊപ്പം ഉണ്ടായിരുന്ന കൊല്ലം സ്വദേശിയായ വിഷ്ണുവാണ് വിവരം നാട്ടിലറിയിച്ചത്. നാലംഗ സംഘമായിരുന്നു ട്രക്കിംഗിനായി പോയത്. ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലെ ദ്രോണഗിരിയിലേക്കായിരുന്നു ട്രക്കിംഗ്. കഴിഞ്ഞ 20നാണ് സംഘം ട്രക്കിംഗിനായി പോയത്.
വെള്ളിയാഴ്ച മലമുകളിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് എംഡിആർഎഫ് സംഘം എത്തി ബേസ് ക്യാമ്പിൽ എത്തിച്ചു. ഇവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം ഡെറാഡൂണിലെത്തിച്ച് പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നോ നാളെയോ നാട്ടിലേക്ക് കൊണ്ടുവരുമെന്നാണ് വീട്ടുകാർ നൽകുന്ന വിവരം. പിതാവ്: മോഹനൻ, മാതാവ്: പരേതയായ ചന്ദ്രിക. സഹോദരൻ: അരുൺ.