തിരുവമ്പാടി: മാനസികരോഗികളെ താമസിപ്പിച്ചിരുന്ന പുല്ലൂരാംപാറയിലെ “ആകാശ പറവകള്‍ ജോര്‍ദാന്‍ ഭവന്’ സ്ഥാപന ഉടമയ്ക്കെതിരേ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. ഇയാള്‍ക്കെതിരേ കൂടുതല്‍ അന്തേവാസികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.സ്ഥാപന നടത്തിപ്പുകാരനായ കണ്ണൂര്‍ സ്വദേശി ഡാനിയേല്‍ എന്ന തങ്കച്ചനെ (74) യാണ് ഇന്നലെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
തങ്കച്ചന് അന്തേവാസികളായ സ്ത്രീകളെ രാത്രിയില്‍ പുറത്തേക്ക് കൊണ്ടുപോയിരുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ അപരിചിതര്‍ സ്ഥാപനത്തില്‍ എത്തിയതായും അയൽവാസികൾ മൊഴിനൽകി.മാനസികാസ്വാസ്ഥ്യത്തിന്റെ പേരില്‍ അനുവദിച്ചതിലും കൂടുതല്‍ മരുന്ന് അന്തേവാസികള്‍ക്ക് നല്‍കിയിരുന്നതായും സൂചനയുണ്ട്.
തങ്കച്ചന് പിന്നില്‍ മാഫിയസംഘമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.അന്വേഷണം സ്ഥാപനത്തിന് പുറത്തേക്കും വ്യാപിപ്പിക്കും. തിരുവമ്പാടി എസ്ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. സ്ത്രീ പീഡന പരാതി പ്രകാരമാണ് നിലവില്‍ തങ്കച്ചനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സബ് ജഡ്ജിന്റെ ഉത്തരവ് പ്രകാരമായിരുന്നു റെയ്ഡ്.
ജഡ്ജിന്റെ ഉത്തരവില്‍ പോലീസും സാമൂഹ്യക്ഷേമ വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അഗതി മന്ദിരത്തിന് വേണ്ടിയിരുന്ന ലൈസന്‍സോ, അടിസ്ഥാന സൗകര്യമോ ഉണ്ടായിരുന്നില്ല. പരിശോധനയുടെ അടിസ്ഥാനത്തില്‍ സ്ഥാപന ഉടമ കണ്ണൂര്‍ ഇരുട്ടി സ്വദേശിയെയും സഹായിയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. അന്തേവാസികളായ 42 സത്രീകളെയും സാമൂഹ്യനീതി വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളിലേക്ക് അയച്ചു.അതിനിടെ സ്ഥാപനത്തിനെതിരെ മുന്‍പും ആരോപണം ഉയര്‍ന്നിരുന്നതായി പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.
ഒന്നരവര്‍ഷം മുന്‍പ് ഒരു അന്തേവാസി മരണപ്പെട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. യാതൊരു വിധ അന്വേഷണവും ഇല്ലാതെ എല്ലാം ഒതുക്കിതീർക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ വ്യക്തി യാതൊരു വിധ ലൈസന്‍സും ഇല്ലാതെ മതാധികാരികളുമായി സമ്പര്‍ക്കത്തിലായി പാവപ്പെട്ടവരെ സംരക്ഷിക്കവാനെന്ന പേരിൽ സ്ഥാപനം തുടങ്ങുകയായിരുന്നവെന്നാണ് പരാതി.
ചെറിയ സഹായങ്ങള്കൈപ്പറ്റി പ്രവര്‍ത്തിച്ചു വന്ന സ്ഥാപനം ഇപ്പോള്‍ മൂന്നുനില കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നടക്കം നിരവധിയായ സാമ്പത്തിക സഹായങ്ങളാണ് യാതൊരു മാനദണ്ഡവുമില്ലാതെ സ്ഥാപനത്തിന് ലഭിക്കുന്നതെന്ന് പരിസരവാസികള്‍ പറയുന്നു. സമീപത്തെ ദേവാലയങ്ങളില്‍ നിന്നുള്‍പ്പെടെ ഇവിടേക്ക് സഹായങ്ങള്‍ എത്താറുണ്ട്. സ്ഥാപനത്തിലെ പശുക്കളെയും കോഴികളെയും നോക്കുന്നത് ഇവിടുത്തെ അന്തേവാസികളാണ്.