വാഷിംഗ്ടൺ ഡിസി: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേർക്കുണ്ടായ വധശ്രമം പ്രാദേശിക തീവ്രവാദപ്രവർത്തനമെന്ന നിലയിലാണ് അന്വേഷിക്കുന്നതെന്ന് അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ).
തോമസ് മാത്യു ക്രൂക്സ് (20) എന്നയാൾ മാത്രമാണ് ആക്രമണത്തിനു പിന്നിലെന്നും എഫ്ബിഐ അറിയിച്ചു. എന്നാൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും എഫ്ബിഐയുടെ നാഷണൽ സെക്യൂരിറ്റി ബ്രാഞ്ച് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഡയറക്ടർ റോബർട്ട് വെൽസ് പറഞ്ഞു.
തീവ്രവാദ വിരുദ്ധ ഏജൻസികളുമായി ചേർന്നാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമി മരിച്ചത് അന്വേഷണത്തെ ബാധിക്കില്ലെന്ന് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ പറഞ്ഞു.
നിലവിൽ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതിന് പരിമിതികളുണ്ടെന്നും റേ പറഞ്ഞു. ക്രൂക്സിന് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉള്ളതായി സൂചനയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ആക്രമണത്തിനു മുൻപ് ഇയാൾ സമൂഹമാധ്യമത്തിൽ ഏതെങ്കിലും തരത്തിലുള്ള പോസ്റ്റുകളോ കുറിപ്പുകളോ പങ്കുവച്ചിരുന്നോ എന്ന കാര്യവും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
കമ്യുണിറ്റി കോളജ് ഓഫ് അല്ലെഗെനി കൗണ്ടിയിൽനിന്ന് അടുത്തിടെയാണ് ക്രൂക്സ് എൻജിനിയറിംഗ് സയൻസിൽ അസോസിയേറ്റ് ബിരുദം നേടിയത്. ഈ സംഭവം തങ്ങളെ ഞെട്ടിച്ചുവെന്നും, അതീവ ദു:ഖമുണ്ടെന്നും കോളജ് അധികൃതർ പ്രതികരിച്ചു.