മോസ്കോ: അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ പരസ്പരം നടത്തുന്ന പോർവിളിയെ പരിഹസിച്ച് റഷ്യ രംഗത്ത്. യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും കിൻഡർ ഗാർട്ടനിലെ കുട്ടികളെ പോലെയാണ് പെരുമാറുന്നതെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. ഉത്തരകൊറിയ നിരന്തരം മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നതിനോട് എതിർപ്പാണ്. എന്നാൽ ഇക്കാരണത്താൽ കൊറിയൻ മേഖലയിൽ ഒരു യുദ്ധത്തിനോട് യോജിപ്പില്ലെന്നും ലാവ്റോവ് പറഞ്ഞു.
ആണവയുദ്ധം ഉണ്ടാകില്ലെന്നു ലോകം ആവർത്തിച്ചാവർത്തിച്ചു വിശ്വസിക്കാൻ ശ്രമിക്കുന്പോഴാണ് വെള്ളിയാഴ്ച ട്രംപും കിമ്മും പരസ്പരം പോർവിളി നടത്തിയത്. ട്രംപിനു തലയ്ക്കു സ്ഥിരതയില്ലെന്നും ഭീഷണിക്കു ട്രംപ് വലിയ വില നൽകേണ്ടിവരുമെന്നും കിം പറഞ്ഞു. കിമ്മിന്റെ പ്രസ്താവന പുറത്തുവന്ന ഉടനെ ട്രംപിന്റെ മറുപടി വന്നു. കിമ്മിനെ ശരിക്കും പാഠം പഠിപ്പിക്കുമെന്നാണു ട്രംപ് പറഞ്ഞത്.ട്രംപ് കുരയ്ക്കുന്ന പട്ടി മാത്രമാണെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റി യോംഗ് ഹോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉത്തരകൊറിയയെ പൂർണമായും നശിപ്പിക്കുമെന്ന് ട്രംപ് ചൊവ്വാഴ്ച യുഎൻ പൊതുസഭയിൽ പ്രസംഗിച്ചിരുന്നു. ഇതിനു മറുപടിയായി കിം രംഗത്ത് എത്തിയിരുന്നു. ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനെ റോക്കറ്റ്മാൻ എന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു.