വാഷിംഗ്ടൺ: ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയയുമായുള്ള നയതന്ത്ര ചർച്ചകൾ എല്ലാം തന്നെ പരാജയപ്പെട്ട ചരിത്രമാണുള്ളതെന്നും ഇനി അത്തരം വിഫലശ്രമങ്ങൾക്ക് അമേരിക്ക തയാറാകില്ലെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ 25 വർഷത്തിനിടെ മാറിമാറി വന്ന അമേരിക്കൻ ഭരണകൂടങ്ങളുടെ തലവന്മാരെല്ലാം തന്നെ ഉത്തരകൊറിയയുമായി ചർച്ചകൾ നടത്തി പരാജയപ്പെട്ടതാണ്. നിരവധി പണം ഇത്തരം ചർച്ചകൾക്കും ഉടമ്പടികൾക്കുമായി ചെലവാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അത്തരം ശ്രമങ്ങൾ എല്ലാം പരാജയപ്പെടുകയാണുണ്ടായത്- ട്രംപ് ട്വിറ്ററിൽ കുറിച്ചു.
സമാധാന ശ്രമങ്ങളുടെ ഭാഗമായുള്ള കരാറുകളിൽ ഒപ്പുവച്ചതിന്‍റെ മഷി ഉണങ്ങും മുൻപ് അതെല്ലാം ലംഘിച്ച ചരിത്രമാണ് ഉത്തരകൊറിയയ്ക്കുള്ളതെന്നും ഇനി അവർക്കെതിരെ ഒരേ ഒരു നടപടി മാത്രമേ സാധ്യമാവുകയുള്ളുവെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.