മതിൽ വേർതിരിവുണ്ടാക്കുന്പോൾ സീസോ ഒന്നിപ്പിക്കും. കുടിയേറ്റക്കാരെ യുഎസിൽ കടത്താതിരിക്കാനാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മെക്സിക്കോ അതിർത്തിയിൽ ഇരുന്പുമതിൽ കെട്ടാൻ തുടങ്ങിയത്.
ഞായറാഴ്ച ഒരു കൂട്ടം പ്രവർത്തകർ ആ മതിലിൽതന്നെ ഏതാനും സീസോകൾ സ്ഥാപിച്ചു. ഒരു ഭാഗം മെക്സിക്കോയിലും മറ്റേഭാഗം യുഎസിലും. ഇരു രാജ്യത്തെയും ആളുകൾക്ക് സീസോയിൽ വന്നിരിക്കാം, ഉയർന്നും താണും രസിക്കാം.
ബെർക്കിലിയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ വാസ്തുവിദ്യാ പ്രഫസറായ റൊണാൾഡ് റീലാണ് ഈ പദ്ധതിക്കു നേതൃത്വം നല്കിയത്. യുഎസിലെ സണ്ടർലാൻഡ് പാർക്കിനെയും മെക്സിക്കോയിലെ സിയുദാദ് ഹുവാരസിനെയും വേർതിരിക്കുന്ന ഇരുന്പു മതിലിലാണ് സീസോകൾ സ്ഥാപിച്ചിരിക്കുന്നത്.
ബ്രൗൺനിറത്തിൽ നീണ്ടുകിടക്കുന്ന മതിലിൽ പിങ്ക് നിറത്തിലുള്ള ഏതാനും സീസോകൾ. ഇരു രാജ്യത്തെയും കുട്ടികൾ മാത്രമല്ല മുതിർന്നവരും സീസോകളിൽ വന്നിരുന്ന് രസിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയങ്ങളാണ് ഇത്തരമൊരു പദ്ധതിക്ക് സംഘാടകരെ പ്രേരിപ്പിച്ചത്.