വാഷിംഗ്ടൺ: കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിൽ രണ്ടരലക്ഷം ആളുകളെങ്കിലും മരിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത രണ്ടാഴ്ച ഏറ്റവും വേദനാജനകമാകുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട ദൈനംദിന വാർത്താ സമ്മേളനത്തിലാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ഈ രണ്ടാഴ്ച ഏറ്റവും മോശമാകും. ചിലപ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്തവിധമുള്ള ഈ മോശം അവസ്ഥ മൂന്നാഴ്ചവരെ നീണ്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് കൊറോണ വൈറസ് മൂലം 100,000 മുതൽ 2,40,000 വരെ മരണങ്ങൾ വരെ ഉണ്ടായേക്കാമെന്നു വൈറ്റ്ഹൈസ് വൃത്തങ്ങൾ കണക്കാക്കുന്നു.
ഓരോ അമേരിക്കക്കാരനും വരാനിരിക്കുന്ന ദുഷ്കരമായ ദിവസങ്ങൾക്കായി തയാറാകണമെന്ന് അദ്ദേഹം ആഭ്യർഥിച്ചു. യാത്രകൾ ഒഴിവാക്കാനും റസ്റ്റോറന്റുകളിൽ പോകരുതെന്നും വീട്ടിലിരിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 865 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ആദ്യമായാണ് ഒരു ദിവസം ഇത്രയുമധികം ആളുകൾ മരിക്കുന്നത്. ഇതോടെ അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3,889 ആയി. ഇതിനിടെ മരണ സംഖ്യയിൽ ചൈനയെ അമേരിക്ക പിന്നിടുകയും ചെയ്തു.
രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിൽ ഇതുവരെ 3,305 പേരാണ് മരിച്ചത്. ഇറ്റലിയും സ്പെയിനുമാണ് അമേരിക്കയേക്കാൾ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ. ഇറ്റലിയിൽ 12,428 പേരും സ്പെയിനിൽ 8,464 പേരും മരിച്ചു.