ന്യൂഡൽഹി: ഇന്ത്യ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും കുടുംബത്തിനും താമസവും ഭക്ഷണവും ഒരുക്കിയത് പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി മൗര്യയിൽ.
ധൗളകുവയിലെ സർദാർ പട്ടേൽ മാർഗിലുള്ള ഐടിസി മൗര്യയിലെ അത്യാഡംബര ചാണക്യ സ്യൂട്ടിൽ ഒരു രാത്രിക്ക് എട്ട് ലക്ഷം രൂപയോളം ചെലവു വരും.
ട്രംപിനും ഭാര്യ മെലാനിയയും താമസിക്കുന്നതിന് ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ടും തയാറാക്കിയിട്ടുണ്ട്. അമേരിക്കയിലെ മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോർജ് ബുഷ്, ബിൽ ക്ലിന്റണ് എന്നിവർ ഇന്ത്യയിലെത്തിയപ്പോഴും ഐടിസി മൗര്യയിലായിരുന്നു താമസം. ട്രംപിനായി ഇത്തവണ ഭക്ഷണ പരിശോധന ലബോറട്ടറി, വായു ശുചീകരണത്തിനുള്ള സൗകര്യങ്ങൾ, ആഡംബര സൗകര്യങ്ങൾ, മിനി സ്പാ, ജിംനേഷ്യം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
ട്രംപിനു നൽകുന്ന ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ടിൽ രണ്ട് കിടപ്പു മുറികളുണ്ട്. പട്ടുപതിച്ച ചുവരുകളും തടികൊണ്ടുള്ള ഫ്ളോറിംഗുമാണ് ഇതിലുള്ളത്. മയിലിന്റെ പ്രമേയത്തിൽ 12 സീറ്റുകളുള്ള സ്വകാര്യ ഡൈനിംഗ് റൂം ഇതിൽ ഉൾപ്പെടുന്നു.
താജ്മഹൽ സന്ദർശനത്തിനുശേഷം ഡൽഹിയിലെത്തിയ ട്രംപിനെയും സംഘത്തെയും പരന്പരാഗത രീതിയിലുള്ള പൂക്കളമൊരുക്കിയും മാല അണിയിച്ചുമാണ് സ്വീകരിച്ചത്.
ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ അഭിരുചികൾക്കനുസൃതമായി തയാറാക്കിയ ട്രംപ് പ്ലേറ്റർ എന്ന വിഭവക്കൂട്ടാണ് ഐടിസി മൗര്യ സജ്ജമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ബറാക് ഒബാമ 2010ലും 2015ലും ഇന്ത്യയിൽ എത്തിയപ്പോൾ ഒബാമ പ്ലേറ്റർ എന്ന പ്രത്യേക വിഭവക്കൂട്ട് തയാറാക്കി നൽകിയിരുന്നു.
അതേസമയം, ട്രംപിനായി സസ്യ വിഭവങ്ങൾ മാത്രം ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരുക്കിയതിനെതിരേ അമേരിക്കൻ ഉദ്യോഗസ്ഥൻ ഉത്കണ്ഠ പ്രകടിപ്പിച്ചത് വലിയ വാർത്തയായി.
മാംസാഹാര പ്രിയനായ ട്രംപ് സസ്യാഹാരങ്ങൾ കഴിക്കുന്നതു കണ്ടിട്ടില്ലെന്നും ചീസ് ബർഗർ വിളന്പിയില്ലെങ്കിൽ അദ്ദേഹം എന്താണ് ചെയ്യാൻ പോകുക എന്നറിയില്ലെന്നുമായിരുന്നു ട്രംപിന്റെ സംഘത്തിലെ അംഗം ദേശീയ മാധ്യമങ്ങളോടു പറഞ്ഞത്.
വെജിറ്റബിൾ ബർഗർ, ബ്രോക്കോളി സമൂസ, കരിക്കിൻവെള്ളം തുടങ്ങിയ വിഭവങ്ങളാണ് അഹമ്മദാബാദിലെ സത്കാരത്തിൽ ഒരുക്കിയിരുന്നത്.