വാഷിംഗ്ടണ്‍: ദിവസങ്ങൾക്ക് മുന്‍പ് ഇറാക്കിലെ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ തങ്ങളുടെ 34 സൈനികർക്ക് തലച്ചോറിന് പരിക്കേറ്റതായി അമേരിക്കയുടെ വെളിപ്പെടുത്തൽ.
ഇതിൽ പകുതി പേർ പരിക്കിൽ നിന്ന് മോചിതരായിട്ടുണ്ടെന്നും പെന്റഗണ്‍ അറിയിച്ചു. മിസൈൽ ആക്രമണത്തിന്റെ ഭാഗമായുണ്ടായ മർദത്തിന്റെയും പ്രകന്പനത്തിന്റെയും ഭാഗമായാണ് തലച്ചോറിന് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്.
ഇറാൻ ആക്രമണത്തിൽ തങ്ങൾക്ക് കാര്യമായി നഷ്ടം വരുത്തിയിട്ടില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ നിരാകരിക്കുന്നതാണ് പെന്റഗണിന്റെ വെളിപ്പെടുത്തൽ.
ഇറാന്റെ ആക്രമണത്തിൽ അമേരിക്കയ്ക്കോ ഇറാക്കുകാർക്കോ യാതൊരു അപായവും സംഭവിച്ചിട്ടില്ലെന്ന് വൈറ്റ്ഹൗസിൽനിന്നു നടത്തിയ സംപ്രേഷ ണത്തിൽ ട്രംപ് പറഞ്ഞു. ഇറാന്റെ പ്രത്യാക്രമണം നേരിടാൻ അമേരിക്ക സർവസജ്ജമായിരുന്നു. അതിനാൽ ആളപായമുണ്ടായില്ലെന്നായിരുന്ന ട്രംപിന്റെ അവകാശവാദം.
പരിക്കേറ്റവരിൽ 17 പേർ ജർമനിയിൽ ചികിത്സലായിരുന്നു. ഇതിൽ എട്ട് പേർ അമേരിക്കയിൽ തിരിച്ചെത്തിയിട്ടുണ്ട്. ഒന്‍പത് പേർ ജർമനിയിൽ തന്നെ തുടരുകയാണ്. ഈ മാസം എട്ടിനാണ് ഇറാക്കിലെ ഐൻ-അൽ അസദ് വ്യോമതാവളത്തിന് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയത്.
അമേരിക്കയുടെ രണ്ടു സൈനികതാവളങ്ങളിൽ 22 മിസൈലുകൾ ആക്രമണം നടത്തിയെന്നും ഇറാക്കി സൈനികർ ആരും ആക്രമണത്തിനിരയായില്ലെന്നും ഇറാക്കി സൈന്യം പറഞ്ഞു. ഐൻ അൽ അസദ് താവളത്തിൽ 17ഉം ഇർബിലിൽ അഞ്ചും മിസൈലുകൾ പതിച്ചുവെന്നാണ് ഇറാക്ക് പറയുന്നത്.
ഐൻ അൽ അസദ് ഇറാക്കിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനികതാവളമാണ്. കുർദിഷ് സ്വയംഭരണ മേഖലയുടെ തലസ്ഥാനമാണ് ഇർബിൽ.
ഇറാൻ മേജർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണം.