വാഷിംഗ്ടണ്: ഇന്ത്യ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഇന്ത്യക്കെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്.
വ്യാപാര ഇടപാടിൽ ഇന്ത്യ അമേരിക്കയെ കാര്യമായി പരിഗണിക്കുന്നില്ലെന്ന വിമർശനമാണ് ട്രംപ് ഉന്നയിച്ചത്. ജോയിന്റ് ബേസ് ആൻഡ്രൂസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിൻറെ പ്രതികരണം.
ഞങ്ങൾ ഇന്ത്യയുമായി വലിയൊരു വ്യാപാര ഇടപാട് നടത്താൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അത് പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുന്പ് നടക്കുമോ എന്ന് എനിക്കറിയില്ല. യുഎസ്-ഇന്ത്യ വ്യാപാര ബന്ധത്തിൽ നമ്മളെ ഇന്ത്യ നന്നായി പരിഗണിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
വ്യാപാര ഇടപാടിലെ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും ഇന്ത്യാ സന്ദർശനത്തിനായി താൻ കാത്തിരിക്കുകയാണെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.
70 ലക്ഷം ആളുകൾ ഗുജറാത്തിൽ സ്വീകരിക്കാനുണ്ടാകുമെന്നാണ് മോദി പറഞ്ഞത്. ഇത് വളരെ ആവേശകരമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ വരവിന് മുന്നോടിയായി ഇന്ത്യ അമേരിക്കയുമായി 25000 കോടി രൂപയുടെ ഹെലികോപ്റ്റർ ഇടപാടിന് ധാരണയായിരുന്നു.
മുപ്പത് ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. അമേരിക്കയുമായി വ്യാപാരക്കരാറിൽ ഒപ്പുവയ്ക്കുമെന്ന് സൂചനയുണ്ടായിരുന്നു.
എന്നാൽ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾക്ക് നേതൃത്വം നൽകുന്ന യുഎസ് ട്രേഡ് പ്രതിനിധി റോബർട്ട് ലൈറ്റ്ഹൈസർ പ്രസിഡന്റ് ട്രംപിനൊപ്പം ഇന്ത്യയിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 24, 25 തീയതികളിലാണ് അമേരിക്കൻ പ്രസിഡൻറിന്റെ ഇന്ത്യാ സന്ദർശനം.
ട്രംപിന്റെ ഗുജറാത്ത് സന്ദർശനത്തിന് മുന്നോടിയായി ചേരി പ്രദേശത്ത് കഴിയുന്ന 45 കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോവാൻ ആവശ്യപ്പെട്ടുകൊണ്ട് അഹമ്മദാബാദ് മുനിസിപ്പാലിറ്റി നോട്ടീസ് നൽകിയിരുന്നു.
അഹമ്മദാബാദിലെ ചേരി കാണാതിരിക്കാൻ മതിൽ പണിയുന്ന കാര്യം വാർത്തയായിരുന്നു. സർദാർ വല്ലഭ്ഭായി പട്ടേൽ രാജ്യാന്തര വിമാനത്താവളം മുതൽ ഇന്ദിരാ ബ്രിഡ്ജ് വരെയുള്ള റോഡിലെ ഒരു വശത്തായാണ് 6-7 അടി വരെ ഉയരമുള്ള കൂറ്റൻ മതിൽ നിർമിച്ചത്.