വാഷിംഗ്ടൺ ഡിസി: മലന്പനിരോഗികൾക്കു നൽകുന്ന ഹൈഡ്രോക്സിക്ളോറോക്വിൻ എന്ന മരുന്ന് കഴിഞ്ഞ ഒന്നരആഴ്ചയായി താൻ കഴിക്കുന്നുണ്ടെന്നു പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തൽ.
കൊറോണയെ പ്രതിരോധിക്കാൻ ഇതുപകരിക്കുമെന്നാണു ട്രംപിന്റെ നിലപാട്. വൈറ്റ് ഹൗസ് ഡോക്ടറുമായി ചർച്ച നടത്തിയെങ്കിലും ഡോക്ടറുടെ കുറിപ്പടി കൂടാതെയാണ് മരുന്നു കഴിക്കുന്നതെന്നും ട്രംപ് അറിയിച്ചു.
ദിവസം ഓരോ ഗുളികയാണു കഴിക്കുന്നത്. കുറെക്കഴിയുന്പോൾ നിർത്തും. വൈകാതെ കൊറോണയ്ക്കു വാക്സിൻ കണ്ടുപടിക്കുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ആരോഗ്യം മെച്ചമാണെന്നു വൈറ്റ് ഹൗസ് ഡോക്ടർ സീൻ പി കോൺലി പിന്നീടു പറഞ്ഞു.
അദ്ദേഹത്തിനു ക്രമമായി കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. ഇതുവരെ കിട്ടിയത് നെഗറ്റീവ് റിസൽട്ടാണെന്ന് ഡോക്ടർ വ്യക്തമാക്കി. മറ്റു പലരും ഹൈഡ്രോക്ളോറോക്വിൻ മരുന്നു കഴിക്കുന്നുണ്ടെന്നും അവർക്ക് പ്രയോജനം കിട്ടുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
മലന്പനി, ലൂപ്പസ്, വാതരോഗങ്ങൾ, ഓട്ടോ ഇമ്യൂൺ രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്ളോറോക്വിൻ കോവിഡിന് പ്രയോഗിക്കാൻ അമേരിക്കൻ എഫ്ഡിഎ ഇതുവരെ അനുമതി നൽകിയിട്ടില്ല.