ട്രംപിന്റെ പുതിയ നയം അമേരിക്കയിലെ 1.1 കോടി അനധികൃത താമസക്കാരെ ദോഷകരമായി ബാധിക്കും. മെക്സിക്കോയിൽനിന്നും മധ്യ അമേരിക്കയിൽനിന്നും ഉള്ളവരാണ് ഇവരിലേറെയും.ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം മൂന്നുലക്ഷത്തോളമാണെന്നാണ് ഏകദേശ കണക്ക്.
കുടിയേറ്റ നിയമം ലംഘിച്ചെന്നു കണ്ടെത്തുന്നവരെ അറസ്റ്റ് ചെയ്യാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കുമെന്നും ഇതിൽനിന്ന് ആരെയും ഒഴിവാക്കില്ലെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) അറിയിച്ചു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുന്നതിനുള്ള നിർദേശം ഉൾക്കൊള്ളിച്ച് രണ്ട് അറിയിപ്പുകളാണ് ഡിഎച്ച്എസ് സെക്രട്ടറി ജോൺ കെല്ലി പുറത്തിറക്കിയത്. ക്രിമിനൽ കുറ്റം ചെയ്തിട്ടുള്ള അനധികൃത കുടിയേറ്റക്കാരെ ഉടനടി പിടികൂടി നാടുകടത്തും. പുതിയ നിർദേശങ്ങൾ നടപ്പാക്കുന്നതിനുവേണ്ടി പുതുതായി പതിനായിരം ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഏജന്റുമാരെക്കൂടി നിയമിക്കും. അതിർത്തിയിൽ പട്രോളിംഗ് നടത്തുന്നതിന് 5000 ഓഫീസർമാരെയും അധികമായി നിയമിക്കും.