വാഷിംഗ്ടൺ/ടോക്കിയോ/സിഡ്നി: വാണിജ്യയുദ്ധം ആരംഭിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധത്തിലെ ആദ്യ വെടി പൊട്ടിച്ചു. സ്റ്റീൽ ഇറക്കുമതിക്ക് 25 ശതമാനവും അലൂമിനിയം ഇറക്കുമതിക്ക് 10 ശതമാനവും ചുങ്കം ചുമത്തുമെന്നു ട്രംപ് പ്രഖ്യാപിച്ചു. ഉത്തരവ് അടുത്തയാഴ്ച പുറത്തിറക്കും.
ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്നു വ്യാഴാഴ്ച അമേരിക്കൻ ഓഹരി വിപണി കുത്തനേ ഇടിഞ്ഞു. വെള്ളിയാഴ്ച ചൈന ഒഴികെയുള്ള ഏഷ്യൻ കന്പോളങ്ങളിലും ഇടിവായിരുന്നു. ഡോളറിന്റെ നിരക്കും താണു.
ഇന്ത്യൻ കന്പോളങ്ങൾ അവധിയായിരുന്നു. എങ്കിലും സിംഗപ്പൂരിൽ ഇന്ത്യയുടെ നിഫ്റ്റിയുടെ അവധിവ്യാപാരം നടന്നത് വ്യാഴാഴ്ചത്തെ നിഫ്റ്റി ക്ലോസിംഗിലും 170 പോയിന്റ് താഴെയാണ്. ഇന്നലെ യൂറോപ്യൻ വിപണികളും രണ്ടു ശതമാനം വരെ താണു. ക്രൂഡ് ഓയിൽ വിലയിലും ഗണ്യമായ ഇടിവുണ്ടായി.
ആശങ്ക എങ്ങും
അമേരിക്കൻ നടപടി വാണിജ്യയുദ്ധത്തിന്റെ കാഹളമായി. ഇതിനു മറുപടിയായി മറ്റു രാജ്യങ്ങൾ അമേരിക്കൻ സാധനങ്ങളുടെ ഇറക്കുമതിക്കു ചുങ്കം ചുമത്തുകയോ ഉള്ള ചുങ്കം കൂട്ടുകയോ ചെയ്യും. അത് അമേരിക്കയ്ക്കും ദോഷമാകും.
രണ്ട് ഇനങ്ങൾക്കു ചുമത്തിയ ചുങ്കം കൂടുതൽ ഇനങ്ങളിലേക്കു പടരാൻ അധിക താമസം വരില്ല. രാജ്യങ്ങൾ പരസ്പരം മത്സരിച്ചു ചുങ്കം കൂട്ടുന്പോൾ വാണിജ്യം തളരും. ഉത്പാദനം കുറയും. സാന്പത്തിക വളർച്ച മന്ദീഭവിക്കും. ചിലപ്പോൾ മറ്റൊരു മഹാമാന്ദ്യം വന്നെന്നും വരാം.
ഇരുതലവാൾ
അമേരിക്കയിലേക്കുള്ള സ്റ്റീൽ-അലൂമിനിയം ഇറക്കുമതിക്ക് ചുങ്കം ചുമത്തുന്പോൾ അമേരിക്കയിൽ തൊഴിൽ കൂടുമെന്നാണു ട്രംപ് പറയുന്നത്. അമേരിക്കൻ സ്റ്റീൽ മില്ലുകളും അലൂമിനിയം സ്മെൽട്ടറുകളും വീണ്ടും പ്രവർത്തിക്കുമത്രെ.
ഒരു കണക്ക് ശ്രദ്ധിക്കുക: 2000നുശേഷം യുഎസ് അലൂമിനിയം ഫാക്ടറികളിലെ 13,000 തൊഴിലുകൾ ഇല്ലാതായി. കഴിഞ്ഞ രണ്ടുവർഷം കൊണ്ടു യുഎസ് സ്റ്റീൽ മില്ലുകളിൽ 14,000 തൊഴിലും നഷ്ടമായി.
അവ തിരിച്ചുപിടിച്ചാൽ അമേരിക്കൻ ഫാക്ടറിത്തൊഴിലാളികളുടെ പണി നഷ്ടം തീരുമോ? അമേരിക്കയിലെ പ്രതിമാസ തൊഴിൽ വർധന മുകളിൽ പറഞ്ഞതിന്റെ പല മടങ്ങുണ്ട്. അതായത് ട്രംപ് പറഞ്ഞതു വലിയ കാര്യമല്ല.
വേറെ പ്രശ്നം ഉണ്ട്. സ്റ്റീലിനും അലൂമിനിയത്തിനും വില കൂടുന്പോൾ അമേരിക്കയിൽ അവ ഉപയോഗിച്ചുണ്ടാക്കുന്ന എല്ലാറ്റിനും വില കൂടും. കാർ മുതൽ വിമാനം വരെ നിർമിക്കാനും ക്രൂഡ് ഓയിൽ ഉത്പാദനം മുതൽ കെട്ടിടനിർമാണം വരെയും ചെലവ് കൂടും. അതുകൊണ്ടാണ് യുഎസ് വാഹന നിർമാതാക്കളുടെ ഓഹരി വില ഇടിഞ്ഞത്.
ചൈനയ്ക്കു നോവില്ല
അമേരിക്കൻ മനസിൽ ചൈനയാണ് തൊഴിലുകൾ തട്ടിപ്പറിച്ചെടുത്തത്. ട്രംപും അതാണു പറയുന്നത്. പക്ഷേ, ട്രംപിന്റെ നടപടി ചൈനയെ ഒട്ടും നോവിക്കില്ല. അതുകൊണ്ടാണു ചൈനീസ് ഓഹരികൾ ഇന്നലെ വലിയ തകർച്ച കാണിക്കാത്തത്. മറിച്ച് ദക്ഷിണകൊറിയ, ജപ്പാൻ, ഓസ്ട്രേലിയ, കാനഡ, ജർമനി, ബ്രസീൽ, മെക്സിക്കോ എന്നിവിടങ്ങളിൽ ഓഹരികൾ ഇടിഞ്ഞു. കാരണം ആ രാജ്യങ്ങളൊക്കെ ചൈനയേക്കാൾ വളരെ കൂടുതൽ സ്റ്റീലും അലൂമിനിയവും അമേരിക്കയിലേക്കു വിൽക്കുന്നുണ്ട്.
ചുങ്കം അമേരിക്കയുടെ മിത്രങ്ങളോ സഖ്യകക്ഷികളോ ആയ രാജ്യങ്ങളെയാണ് ഉപദ്രവിക്കുക; ചൈനയെ അല്ല. അമേരിക്കയുടെ സ്റ്റീൽ ഇറക്കുമതിയിൽ രണ്ടു ശതമാനമേ ചൈനയിൽനിന്നുള്ളൂ.
ബുഷിനും പറ്റി
അമേരിക്കയിൽ തൊഴിലാളികളുടെ വോട്ടിൽ വിജയിക്കുന്ന ജനപ്രതിനിധികൾ ട്രംപിന്റെ നടപടിയെ സ്വാഗതം ചെയ്തു; അല്ലാത്തവർ വിമർശിച്ചു. വിമർശകരിൽ കൂടുതൽ റിപ്പബ്ലിക്കന്മാരാണ്.
ജോർജ് ബുഷ് ജൂണിയർ പ്രസിഡന്റായിരുന്നപ്പോൾ ഇതേ പോലെ ചില നടപടികൾ എടുത്തു. അതിന്റെ ഫലം അമേരിക്കയിൽ രണ്ടുലക്ഷം തൊഴിൽ നഷ്ടമായി എന്നതു മാത്രം. ട്രംപിന്റെ നടപടി വാഹനവ്യവസായത്തെ തകർക്കാം, മിത്രരാജ്യങ്ങളെ വിഷമിപ്പിക്കാം. പക്ഷേ തൊഴിൽ കൂട്ടുക എന്ന ലക്ഷ്യം നേടില്ലെന്നു മാത്രമല്ല ഉള്ള തൊഴിൽ നഷ്ടപ്പെടുത്തുകയും ചെയ്യാം (മാന്ദ്യം വന്നില്ലെങ്കിൽ) എന്നാണ് അറ്റ്ലാന്റിക് വാരിക ഇന്നലെ അഭിപ്രായപ്പെട്ടത്.
ജയിക്കാൻ എളുപ്പം: ട്രംപ്
വാണിജ്യയുദ്ധങ്ങൾ നല്ലതാണ്: ജയിക്കാൻ എളുപ്പവും: പ്രസിഡന്റ് ട്രംപ് ഇന്നലെ ട്വീറ്റ് ചെയ്തു. ഒരു രാജ്യം (യുഎസ്എ) വ്യാപാരത്തിലേർപ്പെടുന്ന മറ്റു രാജ്യങ്ങളുമായെല്ലാം ശതകോടിക്കണക്കിനു ഡോളർ നഷ്ടപ്പെടുത്തുന്പോൾ വാണിജ്യയുദ്ധം നല്ലതാണ്;
ജയിക്കാൻ എളുപ്പവുമാണ്. ഒരു രാജ്യത്തോടു നമുക്കു പതിനായിരം കോടി ഡോളർ കമ്മി ഉണ്ടായിരിക്കുകയും അവർ മിടുക്കരായി നടിക്കുകയും ചെയ്യുന്പോൾ, വ്യാപാരം നിർത്തുകയാണു നല്ലത്. നമ്മൾ (അതുവഴി) ജയിക്കും. അത് എളുപ്പമാണ്. ട്രംപിന്റെ ട്വീറ്റിൽ പറയുന്നു.