വാഷിംഗ്ടണ്‍: ജോ ബൈഡനോട് ജയിച്ചെന്നു കരുതേണ്ടതില്ലെന്ന് പ്രസിഡന്റ് ട്രംപ്. നിയമയുദ്ധം തുടങ്ങുന്നതേയുള്ളൂവെന്നും നിയമവിരുദ്ധ വോട്ടുകള്‍ കണക്കിലെടുക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം ജോ ബൈഡന്റ്െ സുരക്ഷാ യുഎസ് ഏജന്‍സികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ബൈഡന്റെ വീടിന് മുകളില്‍ വിമാനം പറക്കുന്നത് വിലക്കിയിരുന്നു.
അലാസ്കയും നോര്‍ത്ത് കാരലിനയും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബൈഡന് ലീഡ് തുടരുകയാണ്. പെൻസിൽവേനിയയിൽ 9,000ലേറെ വോട്ടുകളുടെ ലീഡാണ് ബൈഡന് ഇപ്പോൾ ഉള്ളത്. ഈ സ്റ്റേറ്റ് കൂടി നേടിയാൽ ബൈഡന് 273 ഇലക്ടറൽ വോട്ടുകൾ ആകും.
2016ൽ ട്രംപിന് വിജയം സമ്മാനിച്ച സ്ഥലമാണ് പെൻസിൽവേനിയ. അരിസോണയിലും നെവാഡയിലും ഇപ്പോഴും ബൈഡൻ ഏറെ മുന്നിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നഗരത്തില്‍ അക്രമങ്ങള്‍ തടയാന്‍ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിച്ചു. നിയമപരമായ വോട്ടുകൾ എണ്ണണമെന്നും അങ്ങനെ അല്ലാത്തവ എണ്ണരുതെന്നും ട്രംപ് ആവർത്തിച്ചാവശ്യപ്പെട്ടു.
വോട്ടെടുപ്പിനുള്ള സമയത്തിനു ശേഷം എത്തുന്ന തപാൽ വോട്ടുകൾ നിയമപരമല്ലെന്നും അത് എണ്ണരുതെന്നും അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു.
വോട്ടെണ്ണൽ സത്യസന്ധമായിരിക്കണമെന്നു പറഞ്ഞ ട്രംപ് രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും ആവർത്തിച്ചു. അതേസമയം എല്ലാ തപാൽവോട്ടുകളും എണ്ണുമെന്ന് ബൈഡൻ പറഞ്ഞു.
264 ഇലക്ടറല്‍ വോട്ടുകള്‍ നേടി ബൈഡന് കേവല ഭൂരിപക്ഷമായ 270 വോട്ടുകള്‍ക്ക് തൊട്ടടുത്താണ്. ഡോണള്‍ഡ് ട്രംപിന് 214 ഇലക്ട്രല്‍ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.