ടോക്കിയോ: വാഹനിര്മാതാക്കളെ പിടിച്ചുകെട്ടാനുള്ള പദ്ധതികളുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ വിപണിക്കുവേണ്ടി മറ്റു രാജ്യങ്ങളില്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നവരെയാണ് ട്രംപ് ഉന്നംവച്ചിരിക്കുന്നത്. ടൊയോട്ട, നിസാന്‍ തുടങ്ങിയ കന്പനികള്‍ മെക്സിക്കോയില്‍ വാഹനങ്ങള്‍ നിര്‍മിച്ചാണ് അമേരിക്കയിലെത്തിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കളായ ടൊയോട്ടയോട്, ജനപ്രിയ മോഡലായ കൊറോള കൂടുതല്‍ ഉത്പാദിപ്പിക്കാനും അതിനായി അമേരിക്കയില്‍ പ്ലാന്റ് തുടങ്ങണമെന്നുമാണ് ട്രംപ് ട്വിറ്ററിലൂടെ നിര്‍ദേശിച്ചത്. അല്ലാത്തപക്ഷം വലിയ നികുതി നല്‍കണമെന്ന ഭീഷണിയുമുണ്ട്.ട്രംപിന്റെ നിലപാട് ജപ്പാന് കന്പനിയായ നിസാനും വലിയ വെല്ലുവിളി സൃഷ്ടിക്കും. അര നൂറ്റാണ്ടു മുന്‍പാണ് നിസാന്‍ ജപ്പാനു പുറത്ത് നിര്‍മാണ യൂണിറ്റ് ആരംഭിച്ചത്. അന്ന് മെക്സിക്കോയില്‍ ആരംഭിച്ച പ്ലാന്റിന്റെ ഉത്പാദനക്ഷമത ഇപ്പോള്‍ എട്ടു ലക്ഷമാണ്.
കൂടാതെ, ഹോണ്ട മോട്ടോറിനും മസ്ത മോട്ടോര്‍ കോര്‍പിനും മെക്സിക്കോയില്‍ നിര്‍മാണ പ്ലാന്റുണ്ട്. ഇരുകന്പനികളുടെ വാഹനങ്ങളും എത്തപ്പെടുന്നത് അമേരിക്കന്‍ വിപണിയില്‍ത്തന്നെ. മെക്സിക്കോഅമേരിക്ക വാഹനവ്യാപാരത്തില്‍ പ്രതിവര് ഷം 58,300 കോടി ഡോളറിന്റെ ഇടപാടുകളാണ് നടക്കുന്നത്.
അമേരിക്കന്‍ കന്പനികളായ ജനറല്‍ മോട്ടോറും ഫോര്‍ഡും രാജ്യത്തിനു പുറത്ത് പ്രവര്‍ത്തിക്കുന്നതില്‍ ട്രംപിന് അതൃപ്തിയുണ്ട്. അമേരിക്കന്‍ പൗരന്മാരുടെ തൊഴിലിനെയാണ് ഇതു ബാധിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതുകൊണ്ടുതന്നെ രാജ്യത്തിനു പുറത്ത് വാഹനം നിര്‍മിച്ച് അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്പോള്‍ കനത്ത നികുതി ഈടാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇതൊഴിവാക്കണമെങ്കില്‍ കന്പനികള്‍ക്ക് അമേരിക്കയില്‍ത്തന്നെ പ്ലാന്റുകള്‍ തുടങ്ങേണ്ടിവരും.
ട്രംപിന്റെ ട്വീറ്റിലൂടെ അമേരിക്കന്‍ ഓഹരിവിപണിയില്‍ വാഹനനിര്‍മാതാക്കളുടെ മൂല്യം 0.5 ശതമാനം ഇടിഞ്ഞു. മാത്രമല്ല മെക്സിക്കന്‍ കറന്‍സി പെസോയുടെ വിനിമയനിരക്ക് താഴേക്കു പോയി. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സാന്പത്തിക സ്രോതസായ മെക്സിക്കോയ്ക്ക് ട്രംപ് കനത്ത ഭീഷണിയായിട്ടുണ്ട്. ഏതായാലും മെക്സിക്കോയില്‍ നിലവിലുള്ള ഉത്പാദനം കുറയ്ക്കാന്‍ കന്പനികള്‍ തീരുമാനിച്ചിട്ടില്ല.
ഈ മാസം 20നു ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതുവരെ ഇപ്പോഴുള്ള സ്ഥിതി തുടരാനാണ് വാഹനനിര്‍മാതാക്കളുടെ തീരുമാനം.