നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങ് യുഎസ് കോണ്‍ഗ്രസിലെ 18 ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികള്‍ ബഹിഷ്കരിക്കാനിരിക്കുകയാണ്. വലിയ പ്രതിഷേധം ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങ് ദിവസം സംഘടിപ്പിക്കാനാണ് തീരുമാനം. ഇത് മനസ്സിലാക്കി ട്രംപും മുന്നൊരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. 5000 ബൈക്ക് സേനാംഗങ്ങളെ ഒരുക്കുകയാണ് ട്രംപ്. വലിയ തോതിലുള്ള പ്രതിഷേധം സ്ഥാനാരോഹണ ദിവസമുണ്ടാകുമെന്നാണ് ട്രംപും പ്രതീക്ഷിക്കുന്നത്. ഇത്തരക്കാരെ ബൈക്ക് സേന തെരുവില്‍ തന്നെ നേരിടും.
‘ബൈക്കേഴ്സ് ഫോര്‍ ട്രംപ്’ എന്ന പേരിലാണ് ഈ സന്നാഹം അറിയപ്പെടുന്നത്. ജനുവരി 20 ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേല്‍ക്കുന്ന ചടങ്ങില്‍ ഉണ്ടായേക്കാവുന്ന അനിഷ്ടസംഭവങ്ങളെ നേരിടുക എന്നതാണ് ബൈക്കേഴ്സ് ഫോര്‍ ട്രംപിന്റെ ഇപ്പോഴത്തെ ജോലി. മനുഷ്യ മതില് തീര്‍ക്കും എന്നാണ് സംഘടനയുടെ നേതാവ് അറിയിച്ചിരിക്കുന്നത്. അന്നേ ദിവസം അരങ്ങേറുന്ന ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങളെയും തടയുകയും നേരിടുകയും ചെയ്യുക എന്നതാണ് ഇവരുടെ ദൗത്യം.
പ്രമുഖ പൗരാവകാശപ്രവര്‍ത്തകനും കറുത്ത വര്‍ഗക്കാരനുമായ ജോണ്‍ ലെവിസിനെ ട്രംപ് ആക്ഷേപിച്ചുവെന്ന കാരണം പറഞ്ഞാണ് പ്രതിപക്ഷ പ്രതിഷേധവും ബഹിഷ്കരണവും. റഷ്യന്‍ കൈകടത്തലുണ്ടായതിനാല് ട്രംപിനെ നിയമാനുസരണം തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി കാണാനാവുകയില്ലെന്നും അതിനാല്‍ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കില്ലെന്നും ലെവിസ് പറഞ്ഞതാണ് ട്രംപിനെ കുപിതനാക്കിയത്. വര്‍ത്തമാനം പറയാതെ സ്വന്തം ജില്ലയില്‍ എന്തെങ്കിലും നല്ല കാര്യം ചെയ്യാന്‍ നോക്കെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
സമത്വവും നീതിയും ട്രംപ് അട്ടിമറിക്കുമെന്ന് ആരോപിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്കു പൗരാവകാശ സംഘടനകള്‍ തുടക്കം കുറിച്ചുകഴിഞ്ഞു. ഒരാഴ്ച നീണ്ടു നില്ക്കുന്ന പ്രതിഷേധ പരിപാരിടകള്‍ക്കാണു പൗരാവകാശ സംഘടനകള്‍ തുടക്കമിട്ടത്. മഴയെ അവഗണിച്ചു നൂറുകണക്കിനു പേര് റാലിയില്‍ പങ്കെടുത്തു. കറുത്ത വര്‍ഗ്ഗക്കാരായിരുന്നു ഇതില്‍ ഭൂരിഭാഗവും. ജനുവരി 20നു ശേഷം തങ്ങള്‍ കൂടുതല്‍ കരുത്തോടെ തെരുവിലങ്ങുമെന്നു മുന്നറിയിപ്പും നല്കി. ന്യൂനപക്ഷങ്ങളും കറുത്തവര്‍ഗക്കാരും നേരിടുന്ന ഭീഷണികളും ഒബാമ കെയറിനെക്കുറിച്ചുള്ള ആശങ്കകളും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പങ്കുവച്ചു. ജനുവരി 21ന് യുഎസ് വനിതകള്‍ നടത്തുന്ന കൂറ്റന്‍ മാര്‍ച്ചിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണു വുമണ്‍സ് മാര്‍ച്ച് ഒണ്‍ ഡിസി എന്ന പേരില്‍ റാലി സംഘടിപ്പിക്കുന്നത്. രണ്ടു ലക്ഷത്തോളം പേര് പങ്കെടുക്കുമെന്നാണു സംഘാടകരുടെ അവകാശവാദം.