വാഷിംഗ്ടൺ: ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിനു ഇറാൻ പ്രതികാരം ചെയ്താൽ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അവർ എന്തെങ്കിലും ചെയ്താൽ വലിയ തിരിച്ചടിയാകും ഉണ്ടാകുക- ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഫ്ലോറിഡയിലെ അവധി ആഘോഷത്തിനു ശേഷം വാഷിംഗ്ടണിലേക്ക് മടങ്ങുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.
അമേരിക്കൻ സൈനികരെ പുറത്താക്കാൻ ഇറാക്ക് പാർലമെന്റ് തീരുമാനിച്ചാൽ വലിയ ഉപരോധം നേരിടേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കി. അവർ തങ്ങളോട് പുറത്തുപോകാൻ ആവശ്യപ്പെട്ടാൽ, അത് സൗഹാർദപരമല്ലെങ്കിൽ വലിയ ഉപരോധമാകും നേരിടേണ്ടിവരികയെന്നും ട്രംപ് പറഞ്ഞു. രാജ്യത്തുനിന്ന് അമേരിക്കൻ സൈന്യത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇറാക്ക് പാർലമെന്റ് പ്രമേയം പാസാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇറാന്റെ സാംസ്കാരിക ഇടങ്ങളെ തകർക്കുമെന്ന തന്റെ പ്രസ്താവനയോടുള്ള വിമർശനങ്ങളെ ട്രംപ് തള്ളി. തങ്ങളുടെ ആളുകളെ കൊല്ലാൻ അവർക്ക് അനുവാദമുണ്ട്. തങ്ങളുടെ ആളുകളെ പീഡിപ്പിക്കാനും അംഗവൈകല്യം വരുത്താനും അവർക്ക് അനുവാദമുണ്ട്. റോഡരുകിലെ ബോംബുകൾ ഉപയോഗിച്ച് അമേരിക്കക്കാരെ കൊല്ലാൻ അവർക്ക് അനുവാദമുണ്ട്. എന്നാൽ തങ്ങൾക്ക് അവരുടെ സാംസ്കാരിക ഇടങ്ങളെ തൊടാൻ പാടില്ല? അത്തരത്തിൽ നടക്കില്ലെന്നും ട്രംപ് പറഞ്ഞു.