വാഷിംഗ്ടൺ ഡിസി: മകൾ ഇവാങ്കയെയും ഭർത്താവ് ജാരെദ് കുഷ്നറെയും വൈറ്റ്ഹൗസിൽ നിന്നു പുറത്താക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇരുവരും ട്രംപിന്റെ ഉപദേഷ്ടാക്കളായി സേവനം അനുഷ്ഠിക്കുകയാണ്.
കുഷ്നറുടെ പ്രവർത്തനങ്ങളിൽ ട്രംപ് ഒട്ടും തൃപ്തനല്ല. അതീവ പ്രാധാന്യമുള്ള രഹസ്യങ്ങൾ അറിയുന്നതിൽനിന്നു കുഷ്നറെ വിലക്കിക്കൊണ്ട് ഈയിടെ ഉത്തരവു വന്നിരുന്നു.
ഇവാങ്കയും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലിയും തമ്മിൽ അത്ര രസത്തിലല്ല. ഈയിടെ വിന്റർ ഒളിന്പിക്സിന് ഇവാങ്കയെ അയച്ചതിൽ കെല്ലി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
മുൻസൈനികനായ കെല്ലി വൈറ്റ്ഹൗസിൽ അച്ചടക്കം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. പ്രസിഡന്റിന്റെ പുത്രിയെന്ന നിലയിൽ ഇവാങ്ക കൂടുതൽ സ്വാതന്ത്ര്യം എടുക്കുന്നതു കെല്ലിക്ക് രസിക്കുന്നില്ല.
ഇവാങ്കയെയും കുഷ്നറെയും പുറത്താക്കാൻ രഹസ്യമായി ട്രംപ് കെല്ലിയുടെ സഹായം തേടിയിരിക്കുകയാണെന്നു മാധ്യമങ്ങൾ പറയുന്നു.