വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നീലച്ചിത്രനടി സ്റ്റോമി ഡാനിയൽസിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ട്രംപിന്റെ പേഴ്സണൽ അറ്റോർണി മൈക്കിൾ കൊയൻ.
വെളിപ്പെടുത്താൻ പാടില്ലാത്ത കരാർ 20 തവണ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് കൊയെന്റെ മുന്നറിയിപ്പ്. രണ്ടു കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നടപടികളുമായി തങ്ങൾ മുന്നോട്ടുപോകുകയാണെന്ന് കൊയെന്റെ ലിമിറ്റഡ് ലയബിലിറ്റി കോർപറേഷൻ എസൻഷ്യൽ കണ്‍സൾട്ടന്റസ് ഫെഡറൽ കോടതിയെ അറിയിച്ചു.
പ്രസിഡന്റ് ട്രംപുമായുള്ള ബന്ധം രഹസ്യമായി സൂക്ഷിക്കാൻ നടിയുമായി രഹസ്യകരാറുണ്ടാക്കിയിരുന്നെന്നും ട്രംപിനെ പ്രതിനിധീകരിക്കുന്ന കൊയെൻ കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കി. അതേസമയം, കോടികളുടെ നഷ്ടപരിഹാരവും അടച്ചിട്ട കോടതിമുറികളിലെ നിയമനടപടികളും തന്റെ കക്ഷിയെ നിശബ്ദയാക്കാനാണെന്ന് ഡാനിയേലയ്ക്കുവേണ്ടി ഹാജരായ മിഷേൽ അവെനാറ്റി കോടതിയിൽ പറഞ്ഞു.
സ്റ്റോമി ഡാനിയൽസുമായി ട്രംപ് ബന്ധം പുലർത്തിയിരുന്നു എന്ന വിവരം പുറത്തുവരാതിരിക്കാൻ ഡാനിയൽസിന് 1,30,000 ഡോളർ ട്രംപ് നൽകിയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2006ൽ നടന്ന ഒരു ഗോൾഫ് ടൂർണമെന്റിനിടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും അടുപ്പത്തിലായതുമെന്നാണ് സൂചന. ട്രംപിന്റെ വിവാഹശേഷമായിരുന്നു ഇത്. 2005ലാണ് ട്രംപ് മെലാനിയയെ വിവാഹം കഴിച്ചത്.
അന്നത്തെ ചിലപത്രങ്ങളിൽ ട്രംപ്-മെലാനിയ ബന്ധത്തിൽ വിള്ളൽ എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും ട്രംപ് അത് നിഷേധിച്ചിരുന്നു. പ്ലേബോയ് മോഡൽകൂടിയായിരുന്ന മുപ്പത്തെട്ടുകാരിയായ സ്റ്റോമി ഡാനിയൽസ് 2016ൽ അഭിനയം അവസാനിപ്പിച്ചു.
അതേസമയം, ആരോപണങ്ങൾ വൈറ്റ്ഹൗസ് നിഷേധിച്ചു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്തും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിരുന്ന ട്രംപിനെതിരെ നിരവധി ലൈംഗികാരോപണങ്ങൾ ഉയർന്നിരുന്നു. 16 ലൈംഗികാരോപണങ്ങളാണ് അന്ന് ട്രംപിനെതിരെ ഉയർന്നത്. എന്നാൽ ഇതെല്ലാം ട്രംപും അദ്ദേഹത്തിന്റെ അനുയായികളും തള്ളിക്കളയുകയാണുണ്ടായത്.
ഇവയെല്ലാം കോടതിക്ക് മുന്നിലെത്തുകയും ചെയ്തിരുന്നു. അതിൽ ചിലത് കോടതിക്കു പുറത്ത് ഒത്തുതീർക്കാൻ ട്രംപ് ശ്രമം നടത്തിയെങ്കിലും ഒരു കേസ് മാത്രമാണ് അത്തരത്തിൽ തീർക്കാനാനായത്. ഈ സാഹചര്യം നിലനിൽക്കെയാണ് ട്രംപിനെതിരെ വീണ്ടും ആരോപണം ഉയരുന്നത്.