ഷിക്കാഗോ/വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പു റാലിക്കിടെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വെടിയേറ്റു. വലതുചെവിയുടെ മുകൾഭാഗത്തു വെടിയേറ്റ ട്രംപിന്റെ പരിക്ക് സാരമുള്ളതല്ല. അദ്ദേഹം ഇന്നലെ ആശുപത്രി വിട്ടു. ട്രംപിനുനേരെ വെടിവച്ചത് സ്വന്തംപാർക്കാരനായ ഇരുപതുകാരൻ. അക്രമകാരണം വ്യക്തമല്ല.
പെൻസിൽവേനിയയിലെ ബട്ലർ നഗരത്തിൽ ശനിയാഴ്ച വൈകുന്നേരം നടന്ന റാലിക്കിടെയാണ് ആക്രമണമുണ്ടായത്ട്രംപിനെ വധിക്കുകയെന്ന ഉദ്ദേശ്യത്തോടെ സമീപത്തെ കെട്ടിടത്തിന്റെ മുകളിൽ നിലയുറപ്പിച്ച അക്രമി തുടർച്ചയായി വെടിവയ്ക്കുകയായിരുന്നു. ട്രംപ് കഷ്ടിച്ചാണു രക്ഷപ്പെട്ടത്. ട്രംപ് പ്രസംഗം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ വെടിവയ്പുണ്ടായി. മിന്നൽവേഗത്തിൽ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തിരിച്ചു വെടിവച്ചു.
വെടിയേറ്റ ട്രംപിനെ ഉടൻ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വലയം ചെയ്തു. ചെവിയിൽനിന്നു രക്തമൊഴുകിയ ട്രംപിനെ വേദിയിൽനിന്നു കൊണ്ടുപോയി. പിന്നീട് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമി നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു. ഇരുപതുകാരനായ അക്രമിയെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. ബഥേൽ പാർക്ക് സ്വദേശിയായ തോമസ് മാത്യു ക്രൂക്സ് ആണ് ട്രംപിനെ വെടിവച്ചത്. 150 മീറ്റർ അകലത്തുനിന്നാണ് അക്രമി വെടിയുതിർത്തതെന്നാണു നിഗമനം. ഇയാൾ റിപ്പബ്ലിക്കൻ പാർട്ടിക്കാരനാണ്. അക്രമിയുടെ കാറിൽനിന്നു സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തെന്നു പോലീസ് അറിയിച്ചു.
രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന്, വധശ്രമത്തെ അതിജീവിച്ച ട്രംപ് ഇന്നലെ സമൂഹമാധ്യത്തിൽ കുറിച്ചു. ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന മിൽവോക്കി റിപ്പബ്ലിക്കൻ നാഷണൽ കൺവൻഷൻ ആരംഭിക്കുന്നതിനു രണ്ടു ദിവസം മുന്പാണ് ആക്രമണമുണ്ടായത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ട്രംപുമായി സംസാരിച്ചു.
പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപിറോ, ബട്ലർ മേയർ ബോബ് ഡാൻഡോയി എന്നിവരുമായും ബൈഡൻ സംസാരിച്ചു. ട്രംപിനുനേരേയുള്ള വധശ്രമത്തെ എല്ലാവരും അപലപിക്കണമെന്ന്, ആക്രമണശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേ ജോ ബൈഡൻ പറഞ്ഞു.
വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു. ബുഷ്, ബിൽ ക്ലിന്റൺ എന്നിവരും ട്രംപിനെതിരേയുണ്ടായ വധശ്രമത്തെ അപലപിച്ചു.