വാഷിംഗ്ടണ്: ഹാർലി ഡേവിഡ്സണ് മോട്ടോർസൈക്കിളിന് ഉയർന്ന ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയ ഇന്ത്യയെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറക്കുമതി ചെയ്യുന്ന വലിയ ബ്രാൻഡ് മോട്ടോർസൈക്കിളിന് 50 ശതമാനം വരെ തീരുവ കുറച്ചിട്ടും വലിയ തുക ചെലവാകുന്നത് അന്യായമാണെന്ന് ട്രംപ് പറഞ്ഞു.
സ്റ്റീൽ കന്പനികളുമായുള്ള ചർച്ചയ്ക്കിടെയാണ് ട്രംപ് രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചത്. 75 ശതമാനമായിരുന്ന നികുതി 50 ശതമാനമാക്കി ഇന്ത്യ കുറച്ചെങ്കിലും അത് അപര്യാപ്തമാണെന്നാണ് ട്രംപിന്റെ വിലയിരുത്തൽ.
പല രാജ്യങ്ങളിലേക്കും അമേരിക്കയിൽനിന്ന് വാഹനങ്ങൾ കയറ്റി അയയ്ക്കുന്നുണ്ട്. അവിടങ്ങളിൽനിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്നുമുണ്ട്. എന്നാൽ, ഇന്ത്യയിലേത് അന്യായമാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തെക്കുറിച്ചും ട്രംപ് പേരു പറയാതെ വിമർശിച്ചു. മാന്യനായ ഒരാൾ ഇന്ത്യയിൽനിന്ന് എന്നെ വിളിച്ചിരുന്നു. 75 ശതമാനം ആയിരുന്ന ഇറക്കുമതിച്ചുങ്കം 50 ശതമാനമാക്കി കുറച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യൻ മോട്ടോർസൈക്കിളുകൾ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് ഇപ്പോൾ നികുതി ഈടാക്കാറില്ല. ഇങ്ങനെയാണെങ്കിൽ നികുതി ഈടാക്കും. അതുകൊണ്ടുതന്നെ പരസ്പരം പൊരുത്തപ്പെടുന്ന ഒരു നികുതിയാണ് വേണ്ടത്. ഇന്ത്യയെ ഞാൻ കുറ്റപ്പെടുത്തുകയല്ല. ജനങ്ങൾ ഇത് എങ്ങനെ സമ്മതിക്കുന്നുവെന്നാണ് ഞാൻ ആലോചിക്കുന്നത്. ഇത് അന്യായമായ നികുതിയാണെന്നു പറയാതെവയ്യ- അദ്ദേഹം പറഞ്ഞു.
നികുതി 50 ശതമാനമാക്കി കുറച്ചപ്പോൾ വലിയ ബ്രാൻഡുകളായ ഹാർലി ഡേവിഡ്സൺ, ട്രയംഫ് തുടങ്ങിയവയുടെ മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യയിൽ വില കുറഞ്ഞിരുന്നു. നേരത്തെ 800 സിസിയിൽ താഴെയുള്ള മോട്ടോർസൈക്കിളുകൾക്ക് 60 ശതമാനവും 800 സിസിയിൽ കൂടിയവയ്ക്ക് 75 ശതമാനവുമായിരുന്നു നികുതി. ഈ മാസം 12നാണ് സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് മേൽപ്പറഞ്ഞ വാഹനങ്ങളുടെ നികുതി 50 ശതമാനമാക്കി കുറച്ചത്.