വാഷിംഗ്ടണ്: അമേരിക്കൻ മുൻ പോണ് താരം സ്റ്റോമി ഡാനിയൽസിന് 1,30,000 ഡോളർ നൽകിയെന്ന ആരോപണം തെറ്റാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2016ലെ തെരഞ്ഞെടുപ്പിന് തൊട്ടു മുന്പ് അഭിഭാഷകൻ നടിക്ക് പണം നൽകിയ വിവരം അറിയുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് ട്രംപ് നൽകിയത്. ഇതു സംബന്ധിച്ച് കൂടുതൽ വിവരം ആവശ്യമെങ്കിൽ തന്റെ അറ്റോർണി മൈക്കൽ കോഹെനോട് ചോദിക്കണമെന്നും ട്രംപ് പറഞ്ഞു.
സ്റ്റോമി ഡാനിയേലുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ട്രംപ് ഒഴിഞ്ഞു മാറി. 2006ൽ നവേദയിൽ വച്ച് നടന്ന ഗോൾഫ് ടൂർണമെൻറിനിടെ ട്രംപ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു സ്റ്റോമി ഡാനിയൽസ് ആദ്യം ഉന്നയിച്ച ആരോപണം. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു സ്റ്റോമിയുടെ വെളിപ്പെടുത്തൽ.
ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് പറയാതിരിക്കുന്നതിന് തനിക്ക് പണം നൽകിയെന്നും ഇതിനായി ഉണ്ടാക്കിയ കരാർ പ്രകാരം 13,000 ഡോളറാണ് തനിക്ക് ലഭിച്ചതെന്നും സ്റ്റോമി പിന്നീട് പറഞ്ഞിരുന്നു. നടിക്ക് പണം നൽകിയതായി വളരെക്കാലം ട്രംപിന്റെ അറ്റോർണി മൈക്കൽ കോഹെൻ സമ്മതിച്ചിരുന്നു. എന്നാൽ എന്തിനാണ് പണം നൽകിയതെന്ന കാര്യം വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.
വെളിപ്പെടുത്താൻ പാടില്ലെന്ന കരാർ നടി ലംഘിച്ചുവെന്നും മൈക്കൽ കൊഹൻ ആരോപിച്ചു. പിന്നീട്, തങ്ങൾ തമ്മിലുള്ള ബന്ധം പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ട്രംപ് അനുയായികൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും സ്റ്റോമി ഡാനിയൽസ് വെളിപ്പെടുത്തിയിരുന്നു. സ്റ്റോമി ഡാനിയൽസ് ട്രംപിനെതിരെ നടത്തിയ ആരോപണങ്ങളും അടിസ്ഥാനമില്ലാത്തതാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ ആവർത്തിച്ചു.