വാഷിംഗ്ടണ്‍: ബോക്സറുടെ രൂപത്തിൽ തല വെട്ടിച്ചേർത്ത ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പങ്കുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ശനിയാഴ്ച വാഷിംഗ്ടണിലെ സർക്കാർ ആശുപത്രിയിലേക്ക് ട്രംപ് പോയതിനെക്കുറിച്ച് മാധ്യമങ്ങൾ നടത്തിയ അഭ്യൂഹ പ്രചരണങ്ങൾ പ്രസിഡന്റിനെ ചൊടിപ്പിച്ചിരുന്നു.
തന്റെ ആരോഗ്യം മോശമാണെന്ന് എഴുതിപ്പിടിപ്പിച്ച വിമർശകരെ അടിച്ചിരുത്താനുള്ള അവസാന ശ്രമമാണ് ട്രംപിന്റെ റോക്കി ചിത്രം. സിൽവസ്റ്റർ സ്റ്റാലോണിന്റെ റോക്കി 3യിലെ പോസ്റ്ററിലാണ് ട്രംപിന്റെ തല വച്ചുപിടിപ്പിച്ചത്. 73കാരനായ പ്രസിഡന്റിന്റെ ചിത്രത്തിന് അടിക്കുറിപ്പൊന്നും നൽകിയിട്ടില്ല.
ചൊവ്വാഴ്ച ഫ്ളോറിഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സംസാരിക്കവെ തന്റെ ആശുപത്രി സന്ദർശനത്തെക്കുറിച്ചുള്ള വാർത്തകൾക്കെതിരെ ട്രംപ് രോഷാകുലനായിരുന്നു. ശക്തമായ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്നാണ് വാൾട്ടർ റീഡ് മിലിറ്ററി ഹോസ്പിറ്റലിൽ എത്തിച്ചതെന്ന് വരെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുൻകൂർ തീരുമാനിക്കാതെയുള്ള യാത്രയാണ് അഭ്യൂഹങ്ങൾക്ക് വഴിവച്ചത്.
തന്റെ വാർഷിക ശാരീരിക പരിശോധന സമയം ലാഭിക്കാൻ പ്രസിഡന്റ് നേരത്തെ ആക്കിയതാണ് ഈ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ പരിശോധനയിൽ അമിതവണ്ണമുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതുപോലൊരു നെഞ്ച് കണ്ടിട്ടില്ലെന്നാണ് തന്റെ സൂപ്പർ നെഞ്ച് കണ്ട് ഡോക്ടർമാർ പറയാറുള്ളതെന്ന് ട്രംപ് റാലിയിൽ പറഞ്ഞു. എന്തായാലും ട്രംപിന്റെ ഫോട്ടോഷോപ്പ് ചിത്രത്തിൽ ട്രോളുകൾ ആഞ്ഞടിക്കുകയാണ്.