വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടിയായി. ട്രംപ് പുറപ്പെടുവിച്ച ഉത്തരവിന്റെ തുടർ നടപടികൾ 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറൽ ജഡ്ജി സ്റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്നു ജഡ്ജ് ജോൺ കോഗ്നോർ അഭിപ്രായപ്പെട്ടു.
നിലവിലുള്ള രീതിയനുസരിച്ച് അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. എന്നാൽ ട്രംപിന്റെ പുതിയ ഉത്തരവ് പ്രകാരം അമേരിക്കൻ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കൾക്ക് മാത്രമേ പൗരത്വം ലഭിക്കൂ. പ്രതിവർഷം രണ്ടര ലക്ഷത്തോളം കുട്ടികളെ ഇത് ബാധിക്കും.
പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസംതന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കുകയായിരുന്നു. ഈ ഉത്തരവ് ഫെബ്രുവരി 20ന് പ്രാബല്യത്തിൽ വരാനിരിക്കേയാണു താൽകാലികമായി കോടതി തടഞ്ഞത്. ട്രംപിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാണിച്ച് നിരവധി വ്യക്തികളും സംഘടനകളും കോടതികളെ സമീപിച്ചിട്ടുണ്ട്. അതേസമയം സ്റ്റേ ഉത്തരവിനെതിരേ അപ്പീൽ നൽകുമെന്നു ട്രംപ് പ്രതികരിച്ചു.