അമേരിക്കന്‍ ഇലക്ഷന് പ്രചാരണം തുടങ്ങിയതുമുതല്‍ ഡോണള്‍ഡ് ട്രംപ് താരമാണ്. ട്രംപ് സാന്‍വിച്ച്, ട്രംപ് ടൊയ്ലറ്റ് പേപ്പര്‍ തുടങ്ങി ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ട്രംപിന്റെ പേര് ആയുധമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്രംപിന്റെ പേരില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന താരം ഒരു കോഴിയാണ്. ട്രംപിന്റെ സ്വഭാവം കോഴിക്കു സമാനമാണെന്നു പറയുന്നതിനിടയിലാണ് ചൈനയിലെ ഒരു സഫാരി പാര്‍ക്കില്‍ ട്രംപുമായി രൂപ സാദൃശ്യമുള്ള കോഴിയെ കണ്ടെത്തിയത്. ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍മീഡിയകളിലൂടെയും പറന്നു നടക്കുകയാണ് ഇപ്പോള്‍ ഇവന്. കാരണമെന്തന്നല്ലേ..
ലിറ്റില്‍ റെഡ് എന്ന 5 വയസുകാരന് കോഴിയുടെ ഹെയര്‍സ്റ്റൈല്‍ ഒന്നു കണ്ടു നോക്കണം. സാക്ഷാല്‍ ഡോണള്‍ഡ് ട്രംപിന്റെ അതേ ഹെയര്‍സ്റ്റൈല്‍. ചുവന്ന നിറമുള്ള ശരീരവും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള ട്രംപ് സ്റ്റൈല്‍ തലയുമായി ലിറ്റില്‍ റെഡ് ഇപ്പോള്‍ വിലസുകയാണ്. അമേരിക്കന്‍ പ്രസിഡന്റിനോടല്ലേ തന്നെ ഇപ്പോള്‍ ആളുകള്‍ ഉപമിച്ചിരിക്കുന്നത്. ചൈനയിലെ ഒരു ജേണലിസ്റ്റാണ് കോഴിക്ക് ട്രംപുമായി രൂപസാദൃശ്യമുണ്ടെന്ന കാര്യം കണ്ടെത്തിയത്. ഇവര്‍ തന്നെ ഇക്കാര്യം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തി. ലിറ്റില്‍ റെഡിനെ കണ്ടവര്‍ക്കൊന്നും ഇക്കാര്യത്തില്‍ എതിരഭിപ്രായവും ഉണ്ടായില്ല. ലിറ്റില്‍ റെഡിന്റെ ചിത്രം വൈറലായതോടെ രണ്ടുപേരെയും ചേര്‍ത്തുള്ള താരതമ്യ പഠനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍. ഇവരില്‍ ആര് ആരുടെ ഹെയര്‍സ്റ്റൈല്‍ ആണ് കോപ്പിയടിച്ചതെന്ന് ചിലര്‍ക്ക് സംശയം. ട്രംപിനേക്കാള്‍ സുന്ദരന്‍ ഈ പക്ഷിയാണെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. ഹെയര്‍സ്റ്റൈല്‍ മാത്രമല്ല, കോഴിയുടെ തിളങ്ങുന്ന കണ്ണുകളും ട്രംപിന്റേതുമായി സാദൃശ്യമുള്ളതാണെന്ന് പിന്നീട് ചിലര്‍ കണ്ടെത്തി
ഇതേസമയം ട്രംപിന്റെ ഈ അപരനെ കാണാനെത്തുന്നവരുടെ തിരക്കാണ് പാര്‍ക്കില്‍. വളരെ ആകര്‍ഷണീയതയുള്ള ഈ കോഴി മധ്യ ചൈനയില്‍ മാത്രം കാണപ്പെടുന്നവയാണ്. തണുപ്പ്കാലത്താണ് ഇവയ്ക്ക് തൂവലുകള്‍ ധാരാളമായി കാണപ്പെടുക.