ഈ മാസം അവസാനം നടക്കാനിരിക്കുന്ന ആഗോള സംരംഭക ഉച്ചകോടിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപും സംഘവും എത്തുന്നത് മുൻനിർത്തി ഹൈദരാബാദ് നഗരത്തിൽ ഭിക്ഷാടനം നിരോധിച്ചു. ഉച്ചകോടി നടക്കുന്നതിനാൽ നഗരത്തിൽനിന്ന് ഭിക്ഷാടകരെ ഒഴിപ്പിക്കുന്ന ശ്രമത്തിലാണ് ഇപ്പോൾ ഹൈദരാബാദ് പോലീസ്. വിദേശരാജ്യങ്ങളിൽനിന്ന് പ്രമുഖരായ നേതാക്കളും സംരംഭകരും എത്തുന്ന സാഹചര്യത്തിൽ നഗരം വൃത്തിയാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
റോഡ് നവീകരണം, ഓട വൃത്തിയാക്കൽ തുടങ്ങി പെയിന്റിംഗ് വരെ പുരോഗമിക്കുന്നു. വിശിഷ്ടാതിഥികൾക്കു മുന്നിൽ ഹൈദരാബാദിനെ യാചകരില്ലാത്ത ഹൈടെക് സിറ്റിയായി പ്രദർശിപ്പിക്കാനുള്ള തിരക്കിട്ട ശ്രമമാണ് നടന്നുവരുന്നത്. നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനൊപ്പം ഹൈദരാബാദ് പോലീസ് കമ്മീഷണർ എം. മഹേന്ദർ റെഡ്ഡിയാണ് നഗരത്തിൽ യാചന നിരോധിച്ച് ഉത്തരവിറക്കിയത്.
ഈ മാസം 28 മുതൽ 30 വരെയാണ് ആഗോള സംരംഭക ഉച്ചകോടി. എന്നാൽ, ഉച്ചകോടിക്കു ശേഷം ഡിസംബർ 15 മുതൽ എൻആർഐ തെലുങ്കരുടെ സമ്മേളനവും നടക്കുന്നുണ്ട്. അതിനാൽ നാളെ രാവിലെ ആറു മുതൽ 2018 ജനുവരി ഏഴ് രാവിലെ ആറു വരെയാണ് ഭിക്ഷാടനം നിരോധിച്ചിട്ടുള്ളത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനം. മുന്പ് അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റന്റെ സന്ദർശനവേളയിൽ നഗരത്തിൽനിന്ന് യാചകരെ ഒഴിപ്പിച്ചിരുന്നു.